ഭൂചലനത്തിൽ കെട്ടിടങ്ങൾ ആടിയുലഞ്ഞു,   പൂളുകളിലെ വെള്ളം കവിഞ്ഞൊഴുകി

ഭൂചലനത്തിൽ കെട്ടിടങ്ങൾ ആടിയുലഞ്ഞു, പൂളുകളിലെ വെള്ളം കവിഞ്ഞൊഴുകി

ബാ​ങ്കോക്ക്: മ്യാൻമർ കേ​ന്ദ്രമായി ഉണ്ടായ വൻ ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തതായി വിവരം. 2021ലെ അട്ടിമറിക്ക് ശേഷം അരാജകത്വത്തിലായ മ്യാൻമറിൽ ഭൂകമ്പത്തിലെ നാശനഷ്ടങ്ങൾ എത്രയാണെന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.


7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിലവിൽ ഏറ്റവും കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത് തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലാണ്. ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ഇവിടെ അംബര ചുംബിയായ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു. അമ്പതോളം ആളുകൾ ഉണ്ടായിരുന്ന ഈ കെട്ടിടത്തിൽ നിന്ന് ഏഴു പേരെ മാത്രമാണ് രക്ഷ​പ്പെടുത്താനായത്. 


നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നുവീണത് ഉൾപ്പെടെ ബാങ്കോക്കിലുടനീളമുള്ള കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായാണ് റി​പ്പോർട്ട്. തകർന്ന കെട്ടിടങ്ങളുടെ എണ്ണം ഇതുവരെ അറിയില്ലെന്നും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ബാങ്കോക്ക് സിറ്റിയിലെ കെട്ടിടത്തിന്റെ മുകൾ നിലയിലെ സ്വിമ്മിങ് പൂളിലെ വെള്ളം പുറത്തേക്ക് ഒഴുകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡൗണ്ടൗണിലുള്ള ഓഫിസ് ടവർ കുറഞ്ഞത് രണ്ടു മിനിറ്റെങ്കിലും ആടിയുലഞ്ഞു. വാതിലുകളും ജനലുകളും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നൂറുകണക്കിന് ജീവനക്കാർ അടിയന്തര പടികൾ വഴി പുറത്തിറങ്ങിയോടി. ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. അവരിൽ പലരും ബഹുനില അപ്പാർട്ടുമെന്റുകളിലാണ് കഴിയുന്നത്.


മ്യാൻമറിൽ ഭൂകമ്പം ഉണ്ടായപ്പോൾ നായ്പിഡോവിലെ നാഷനൽ മ്യൂസിയത്തിലായിരുന്നു എ.എഫ്‌.പി മാധ്യമപ്രവർത്തകരുടെ ഒരു സംഘം. കെട്ടിടം കുലുങ്ങാൻ തുടങ്ങിയപ്പോൾ മേൽക്കൂരയിൽ നിന്ന് കഷ്ണങ്ങൾ വീണതായി അവർ റിപ്പോർട്ട് ചെയ്തു. ജീവനക്കാർ പുറത്തേക്ക് ഓടിയെന്നും ചിലർ വിറച്ചും കണ്ണീരോടെയും പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ നോക്കിയെന്നും ഭയാനകമായ അന്തരീക്ഷമായിരുന്നുവെന്നും അവർ പറഞ്ഞു. ഭൂകമ്പത്തിൽ സമീപത്തുള്ള റോഡുകൾ തകർന്നു. നഗരത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

ചൈനയുടെ തെക്കു-പടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് ഏജൻസി അറിയിച്ചു. ഇന്ത്യയിൽ മേഘാലയിലും മണിപ്പൂരിലും ചെറിയ അനുബന്ധ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.


Tags:    
News Summary - Myanmar earthquake: Buildings swayed, pools overflowed; one death, dozens trapped in buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.