ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കുടുംബങ്ങൾക്ക് ജൂത കുടിയേറ്റക്കാരുടെ ക്രൂര മർദനം. ജിൻബ ഗ്രാമത്തിലെ കുടുംബങ്ങളെയാണ് വടികളും കല്ലുകളും ബാറ്റും ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ 20ലേറെ ഫലസ്തീനികളെ ഇസ്രായേൽ സേന നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ജീപ്പിലും പിക്അപ് ട്രക്കിലുമായി വന്ന കുടിയേറ്റക്കാർ ബാറ്റുകളും വടികളും കല്ലുകളും തോക്കുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് (എ.പി) വാർത്ത ഏജൻസിക്ക് ലഭിച്ചു. ആക്രമണം നടന്ന അൽ അമൂർ കുടുംബത്തിന്റെ വീട്ടിലെ സി.സി.ടി.വിയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഭൂരിഭാഗം കുടിയേറ്റക്കാരും മുഖംമൂടി ധരിച്ചാണ് എത്തിയത്. ആക്രമികൾ ഓടിയടുക്കുമ്പോൾ സ്ത്രീകൾ നിലവിളിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
അൽ അമൂർ കുടുംബത്തിലെ ഔല അവാദ്, 63കാരനായ ഭർത്താവ് അസീസ്, 16കാരിയായ മകൾ ഹന്ദ, 17കാരനായ മകൻ ഖുസായ്, ഇളയ മകൻ അഹ്മദ് എന്നിവർക്കും മറ്റൊരു ഗ്രാമീണനായ മാഹിർ മുഹമ്മദിനും മകൻ ഉസാമക്കുമാണ് പരിക്കേറ്റത്. അസീസിന് നെഞ്ചിനാണ് പരിക്കേറ്റത്. തലയോട്ടി പൊട്ടിയതിനാൽ ശസ്ത്രക്രിയ നടത്തിയ അഹ്മദ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഖുസായുടെ കൈ ഒടിഞ്ഞു. മാഹിർ മുഹമ്മദിനും മുറിവുകളും ചതവുകളുമുണ്ട്. ഉസാമയെ വൃക്ക പരിശോധനക്ക് വിധേയമാക്കി.
മകളെയും തന്നെയും മുറിയിൽ പൂട്ടിയിട്ട ശേഷം മകനെയും ഭർത്താവിനെയും കുടിയേറ്റക്കാർ ക്രൂരമായി മർദിച്ചതായി അവാദ് പറഞ്ഞു. ഖുസായിയുടെ തലക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്തു. ആക്രമണം തടയാനെത്തിയ സമീപ ഗ്രാമങ്ങളിലെ ഫലസ്തീനികളെ സൈന്യം തടഞ്ഞെന്നും വീടുകൾക്കു നേരെ ഗ്രനേഡുകൾ എറിഞ്ഞെന്നും മസാഫർ യാത്ത ഗ്രാമസഭ തലവനായ നിദാൽ യൂനുസ് പറഞ്ഞു. യൂനുസ് അടക്കം 22 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കുടിയേറ്റക്കാരെ ഫലസ്തീനികൾ ആക്രമിച്ച് പരിക്കേൽപിക്കുകയാണുണ്ടായതെന്ന് പൊലീസ് ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.