വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കു സമീപം ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഫലസ്തീൻ കൗമാരക്കാരൻ മരിച്ചു. 17കാരനായ റംസി ഫതി ഹമദാണ് മരിച്ചത്. അനധികൃത ഇസ്രായേൽ കുടിയേറ്റ മേഖലയായ ഒഫ്റയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഇവിടെ കാറിൽ ഇരിക്കുകയായിരുന്ന റംസിയെ കുടിയേറ്റക്കാരൻ വെടിവെക്കുകയായിരുന്നു.
റാമല്ലയിലെ സിൽവാദ്, ഐൻ യബ്റൂദ് പട്ടണങ്ങൾക്കിടയിലാണ് അനധികൃത ഒഫ്റ കുടിയേറ്റ മേഖല നിർമിച്ചിരിക്കുന്നത്. ഇവിടെ കാവൽ നിൽക്കുകയായിരുന്നയാളാണ് റംസിയുടെ നെഞ്ചിലും വയറ്റിലും വെടിവെച്ചതെന്ന് സിൽവാദ് മേയർ റാഇദ് ഹമദ് പറഞ്ഞു. കിഴക്കൻ റാമല്ലയിൽ വെള്ളിയാഴ്ച ജൂത കുടിയേറ്റക്കാരുടെ വെടിയേറ്റ് 19കാരൻ കൊല്ലപ്പെട്ടിരുന്നു.
ഗസ്സ: അധിനിവേശ വെസ്റ്റ് ബാങ്കിൽ മൂന്നു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. ആക്രമണം നടത്താൻ പോകുകയായിരുന്നെന്ന് ആരോപിച്ചാണ് ഇവരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന് പോകുകയായിരുന്ന വാഹനത്തിലുണ്ടായിരുന്നവർക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
കാറിൽ നൂറിലേറെ വെടിയുണ്ടകളാണ് തുളഞ്ഞുകയറിയത്. ഈ മരണങ്ങൾക്ക് ശിക്ഷ നൽകുകതന്നെ ചെയ്യുമെന്ന് ഹമാസിന്‍റെ ഗസ്സ വക്താവ് പറഞ്ഞു. അതേസമയം, സുരക്ഷസേനയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.