പ്രളയത്തിനു പിന്നാലെ ശമ്പളത്തോടെയുള്ള ‘കാലാവസ്ഥാ അവധി’യുമായി സ്​പെയ്ൻ

മാഡ്രിഡ്: പതിറ്റാണ്ടുകൾക്കിടെ നേരിട്ട ഏറ്റവും മാരകമായ പ്രളയത്തിൽ 224 പേരെങ്കിലും കൊല്ലപ്പെട്ടതിനു പിന്നാലെ ശമ്പളത്തോടെയുള്ള ‘കാലാവസ്ഥാ അവധി’ക്ക് അംഗീകാരം നൽകി സ്പെയ്നിലെ ഇടതുപക്ഷ സർക്കാർ. കാലാവസ്ഥ മോശമായ അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് തൊഴിലാളികൾക്ക് നാലു ദിവസം വരെ അവധിക്ക് അനുമതി നൽകിയത്.

ദേശീയ കാലാവസ്ഥാ ഏജൻസി നൽകിയ റെഡ് അലർട്ട് അവഗണിച്ച് ജീവനക്കാരെ ജോലിയിൽ തുടരാൻ ഉത്തരവിട്ടതിന് ഒക്ടോബർ 29 ലെ ദുരന്തത്തിനുശേഷം നിരവധി കമ്പനികൾ വിമർശനത്തിന് വിധേയരായിരുന്നു. എന്നാൽ, തങ്ങളെ വേണ്ട രീതിയിൽ അറിയിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും ടെലിഫോൺ അലർട്ടുകൾ വളരെ വൈകിയാണ് അയച്ചതെന്നും സ്ഥാപനങ്ങൾ പറയുന്നു.

കാലാവസ്ഥ അടിയന്തരാവസ്ഥക്ക് അനുസൃതമായി നിയന്ത്രണങ്ങൾ കൈകൊള്ളുക എന്നതാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ ഒരു തൊഴിലാളിയും അപകടത്തെ നേരിടരുതെന്ന് തൊഴിൽ മന്ത്രി യോലാൻഡ ഡയസ് ദേശീയ മാധ്യമമായ ആർ.ടി.വി.ഇയോട് പറഞ്ഞു. അധികൃതർ അപകടസാധ്യതയെക്കുറിച്ച് അലാറം ഉയർത്തുകയാണെങ്കിൽ തൊഴിലാളി ജോലിക്ക് പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഡയസ് പറഞ്ഞു.

കനഡയിലെ സമാനമായ നിയമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിയമനിർമാണമെന്നും ആർ.ടി.വി.ഇ റിപ്പോർട്ട് ചെയ്തു. വലതുപക്ഷത്ത് നിന്നുള്ള കാലാവസ്ഥാ നിഷേധത്തി​ന്‍റെ പശ്ചാത്തലത്തിൽ സ്പാനിഷ് സർക്കാർ ഹരിത നയങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്നും ഡയസ് പറഞ്ഞു.

പ്രളയബാധിതർക്ക് 2300കോടി യൂറോയുടെ സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2050 ഓടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നഷ്ടം ഇരട്ടിയാകുമെന്നും സാമ്പത്തിക മന്ത്രി കാർലോസ് കുർപോ മുന്നറിയിപ്പ് നൽകി.

മനുഷ്യ​ന്‍റെ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പ്, ഏഷ്യയുടെ ഭൂരിഭാഗം, മധ്യ-കിഴക്കൻ-വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിലും മഴ അസാധാരണവും തീവ്രവുമായിരിക്കുന്നു. ചൂടു പിടിക്കുന്ന വായുവിന് കൂടുതൽ നീരാവിയെ വഹിക്കാൻ കഴിയുമെന്നതാണ് ഇതിനൊരു കാരണം.

Tags:    
News Summary - Spain introduces paid climate leave after deadly floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.