ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാന്മറും തായ്‍ലാൻഡും

ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാന്മറും തായ്‍ലാൻഡും

യാംഗോൻ: മ്യാന്മറിനെയും തായ്‍ലാൻഡിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണം 150 കടന്നു. ദുരന്തത്തിൽ 750ഓളം പേർക്ക് പരിക്കേറ്റു. മ്യാന്മറിലാണ് കൂടുതൽ ശക്തമായ ഭൂചലനവും കനത്ത ആൾനാശവുമുണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി, പാലങ്ങൾ തകർന്നു. മ്യാന്മറിലെ മോനിവ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ശക്തമായ ഭൂചലനമുണ്ടായത്. തലസ്ഥാനമായ നയ്പിഡാവ് ഉൾപ്പെടെ ആറ് മേഖലകളിൽ മ്യാന്മർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ തുടർചലനങ്ങളുമുണ്ടായതിനാൽ ജനങ്ങൾ ആശങ്കയിലാണ്. ആളുകളെ കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സഗയിങ് മേഖലയിലെ 90 വർഷം പഴക്കമുള്ള പാലം തകർന്നു. മണ്ഡലേ -യാംഗോൻ നഗരങ്ങളെ ബന്ധിപ്പിച്ച റോഡ് പലയിടത്തും തകർന്നു. നയ്പിഡാവിലെ നിരവധി വീടുകളും ആരാധനാലയങ്ങളും തകർന്നു.

ഭൂചലനം തായ്‍ലൻഡിനെയും വിറപ്പിച്ചു. അവിടെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. ബാങ്കോക്കിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 81 നിർമാണ തൊഴിലാളികളെ കാണാതായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനമറിയിച്ചു. തായ്‍ലൻഡിനും മ്യാന്മറിനും എന്തു സഹായം നൽകാനും ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൂകമ്പത്തിന്റെ ചെറിയ പ്രതിഫലനം കൊൽക്കത്ത, ഇംഫാൽ, മേഘാലയയിലെ ഈസ്റ്റ് ഗരോ മലനിരകൾ, മണിപ്പൂരിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിലെയും വിവിധ ഭാഗങ്ങളിൽ ഭൂകമ്പം നേരിയതോതിൽ അനുഭവപ്പെട്ടു.

Tags:    
News Summary - Powerful earthquake rocks Myanmar and Thailand, killing more than 150 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.