അഞ്ച് റഷ്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം; പൊരുതും, എന്തും നേരിടാൻ തയാറെന്ന് സെലെൻസ്കി

കിയവ്: യുക്രെയ്ൻ പൊരുതുമെന്നും എന്തും നേരിടാൻ തയാറാണെന്നും പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. റഷ്യ യുദ്ധം തുടങ്ങിയ പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ ഒരു മാസത്തേക്ക് പട്ടാളനിയമം പ്രഖ്യാപിച്ചു. അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി പ്രതിരോധ സേന അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യം റഷ്യൻ സേന നിഷേധിച്ചു.

റഷ്യ നിരവധി നഗരങ്ങളിൽ ആക്രമണം നടത്തുകയാണെന്ന് പ്രസിഡന്‍റ് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുക്രെയ്നിൽ പട്ടാള നിയമം പ്രഖ്യാപിക്കുകയാണ്. അൽപസമയം മുമ്പ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിച്ചിരുന്നു. അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വാക്കുനൽകി. ഇന്ന് നിങ്ങളോരോരുത്തരേയും രാജ്യത്തിന് ആവശ്യമുണ്ട്. സാധ്യമായ അത്രയും വീടുകളിൽ തന്നെ തുടരുക. നമ്മുടെ സൈന്യവും പ്രതിരോധ വിഭാഗവും സജീവമാണ്. ആരും പരിഭ്രാന്തരാകരുത്. നമ്മൾ ശക്തരാണ്. നമ്മൾ എന്തും നേരിടും. നമ്മൾ എന്തിനെയും പരാജയപ്പെടുത്തും. കാരണം നമ്മൾ യുക്രെയ്നിയരാണ് -പ്രസിഡന്‍റ് സെലെൻസ്കി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.


ആരും ഓടിയൊളിക്കില്ലെന്നും യുക്രെയ്ൻ പൊരുതി ജയിക്കുമെന്നും വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ഉക്രെയ്നിയക്കാർ നിങ്ങളുടെ രാജ്യത്ത് പുടിന്‍റെ അധിനിവേശത്തെക്കുറിച്ച് ചർച്ചയാക്കുക, ഉടനടി പ്രവർത്തിക്കാൻ സർക്കാറുകളോട് ആവശ്യപ്പെടുക. -അദ്ദേഹം ട്വീറ്റ് ചെയ്തു. 

Tags:    
News Summary - ready to face anything says Volodymyr Zelenskyy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.