മോസ്കോ: ബന്ധം ശക്തമാകുന്നതിനിടെ റഷ്യൻ റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ. കൗസർ, ഹുദൂദ് ഉപഗ്രഹങ്ങൾ വഹിച്ച് റഷ്യയുടെ സോയുസ് റോക്കറ്റ് വിദൂര കിഴക്കൻ റഷ്യയിലെ വോസ്റ്റോക്നി വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് കുതിച്ചുയർന്നത്. റഷ്യയുടെ രണ്ട് അയണോസ്ഫിയർ-എം ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും മറ്റു നിരവധി ചെറിയ ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നു. വിക്ഷേപിച്ച് ഒമ്പത് മിനിറ്റിനുശേഷം ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.
2022ൽ റഷ്യയിൽ നിർമിച്ച ഇറാന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും റഷ്യൻ റോക്കറ്റിലാണ് വിക്ഷേപിച്ചത്. വലിയ ഉപഗ്രഹങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇറാന്റെ സിമോർഗ് റോക്കറ്റ് വിക്ഷേപണം മുമ്പ് പലതവണ പരാജയപ്പെട്ടിരുന്നു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ റോക്കറ്റ് വിക്ഷേപണം. തന്ത്രപരമായ സഹകരണ കരാർ ഒപ്പുവെക്കുന്നതിനുവേണ്ടി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉടൻ റഷ്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി ഇറാൻ ഡ്രോണുകൾ നിർമിച്ചുനൽകുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.