റഷ്യ യുക്രെയ്ൻ തലസ്ഥാനമായി കിയവിൽ നടത്തിയ വ്യോമാക്രമണം

മരണം ഉയരുന്നു: 50 റഷ്യൻ സൈനികരെ ​കൊന്നതായി യുക്രെയ്ൻ; 50 ഓളം യുക്രെയ്ൻ സ്വദേശികൾക്കും ജീവഹാനി

മോസ്കോ/കിയവ്: യുക്രെയ്നെതിരെ റഷ്യ തുടങ്ങിയ യുദ്ധത്തിൽ ഇരുഭാഗത്തും മരണസംഖ്യ ഉയർന്നു തുടങ്ങി. രാജ്യത്ത് അതിക്രമിച്ച് കടന്ന 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. സൈനികരും പൗരൻമാരുമടക്കം 50ഓളം യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു.

തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ കരസേനയും അതിർത്തി ഭേദിച്ച് യുക്രെയ്നിൽ പ്രവേശിച്ചു. യുക്രെയ്നിന്‍റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്.

വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. കിയവ് കൂടാതെ യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിയവിലെ രാജ്യാന്തര വിമനത്താവളത്തിന് 25 കിലോമീറ്റർ അകലെ കിഴക്കൻ ഭാഗത്ത് ബോറിസ്പിലാണ് സ്ഫോടനം നടന്നത്. കിഴക്കൻ നഗരമായ ക്രമറ്റോസിലെ പാർപ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേസയിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിൽ പ്ര​സി​ഡ​ന്‍റ് വൊളോദിമിർ സെ​ല​ൻ​സ്കി പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും സെ​ല​ൻ​സ്കി അറിയിച്ചു.

യുക്രെയ്നെതിരെ കര, വ്യോമ സൈനിക നടപടികൾക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.

യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്ക് കടക്കാനാണ് സൈന്യത്തിന് റഷ്യ നിർദേശം നൽകിയത്. ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ യുക്രെയ്ൻ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്‍റ് പുടിന് അനുമതി നൽകിയിരുന്നു.

റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്ക് കൂടുതൽ അടുത്ത സാഹചര്യത്തിൽ പ്ര​സി​ഡ​ന്‍റ് വൊളോദിമിർ സെ​ല​ൻ​സ്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യൻ സൈന്യത്തെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിർ സെ​ല​ൻ​സ്കി മുന്നറിയിപ്പ് നൽകി. രണ്ട് ലക്ഷത്തോളം വരുന്ന റിസർവ് സൈനികർ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെ​ല​ൻ​സ്കി നിർദേശം നൽകി. 18-60 പ്രാ​യ​ക്കാ​രോ​ട് സൈ​ന്യ​ത്തി​ൽ ചേ​രാ​നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

അതേസമയം, കിഴക്കൻ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ചില വ്യോമപാതകൾ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ൻ അധികൃതരുടെ നടപടി.

അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടന്നു. പാർലമെന്‍റ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ വെബ്സൈറ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം, യുക്രെയ്ൻ ഐക്യരാഷ്ട്ര സഭയുടെയും ലോക രാജ്യങ്ങളുടെയും സഹായം തേടി. മാനുഷിക പരിഗണനവെച്ച് റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Russia's Putin announces a 'military operation' in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.