ലണ്ടൻ: ലണ്ടൻ മേയറായി മൂന്നാം തവണയും ലേബർ പാർട്ടിയിലെ സാദിഖ് ഖാന്(53) ചരിത്ര വിജയം. കൺസർവേറ്റീവ് പാർട്ടിയിലെ സൂസൻ ഹാളിനേക്കാൾ 43.8 ശതമാനം വോട്ട് നേടിയാണ് മേയർ സ്ഥാനത്ത് സാദിഖ് ഖാൻ ഹാട്രിക് തികച്ചത്. സാദിഖ് ഖാന് 10,88,225 വോട്ടുകൾ നേടിയപ്പോൾ കൺസർവേറ്റീവ് സ്ഥാനാർഥി സൂസൻ ഹാളിന് 8,11,518 വോട്ടുകളാണ് ലഭിച്ചത്. 2,75,000 വോട്ടിന്റെ ഭൂരിപക്ഷമാണ് സാദിഖ് ഖാന് ലഭിച്ചത്.
13 പേരാണ് മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്. ഡൽഹിയിൽ ജനിച്ച ബിസിനസുകാരൻ തരുൺ ഘുലാട്ടിയും മത്സരിച്ചിരുന്നു. 24,702 വോട്ടുകൾ നേടി അദ്ദേഹം 10ാം സ്ഥാനത്തെത്തി.
14 മണ്ഡലങ്ങളിൽ ഒമ്പതിലും സാദിഖ് ഖാൻ വിജയിച്ചു. 2016 മുതൽ ലണ്ടൻ മേയറാണ് സാദിഖ് ഖാൻ. ശനിയാഴ്ച ഉച്ചയോടെയാണ് ഫലം പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണെ പിന്തള്ളി, ലണ്ടനിൽ ഏറ്റവും കൂടുതൽ കാലം മേയറായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായ സാദിഖ് ഖാൻ മാറി. 2021 ലെ അവസാന മത്സരത്തെ അപേക്ഷിച്ച് സാദിഖ് ഖാന്റെ ഭൂരിപക്ഷവും വർധിച്ചു.
മൂന്നാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്നായിരുന്നു സാദിഖ് ഖാന്റെ പ്രതികരണം. ലണ്ടനിലെ ആദ്യ മുസ്‍ലിം മേയറാണ് സാദിഖ് ഖാൻ. പാകിസ്‍താനിൽ നിന്നാണ് അദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറിയത്. എതിരാളിയായിരുന്ന സൂസൺ ഹാളിന്റെ ഇസ്ലാമോഫോബിക് പ്രചാരണം മറികടന്നാണ് അദ്ദേഹം വിജയം നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 500 ഓളം സീറ്റുകൾ നഷ്ടപ്പെട്ട കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. നാലു പതിറ്റാണ്ടിനിടെ കൺസർവേറ്റീവ് പാർട്ടിയുടെ മോശം തെരഞ്ഞെടുപ്പ് ഫലവും കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.