വാഷിങ്ടണ്‍: ഇറാന്‍റെ ആണവ പദ്ധതി സംബന്ധിച്ച് വാഷിങ്ടണുമായി കരാറിലെത്തിയില്ലെങ്കിൽ രാജ്യത്തിനു നേരെ ബോംബിടുമെന്ന് ഭീഷണിയുയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാന്‍ കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണമുണ്ടാകുമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിന്‍റെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇറാന് മേൽ അധിക തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യു.എസുമായുള്ള ആണവചര്‍ച്ചയ്ക്ക് സമ്മതമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറാന്‍ മറുപടി നല്‍കിയിരുന്നു. അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല എന്ന് വ്യക്തമാക്കിയ ഇറാന്‍ മുന്‍കാലങ്ങളിലെപ്പോലെ യു.എസുമായി പരോക്ഷമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ട്രംപിന്റെ നിര്‍ദേശത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി അയച്ചത്. ട്രംപ് ഇറാനെതിരെ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍, യു.എസ് ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരമാണ് ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് കത്തയച്ചതായി ട്രംപ് വെളിപ്പെടുത്തിയത്. ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളാണ് ഉള്ളതെന്നും അതില്‍ ഒന്ന് സൈനികമായും അല്ലെങ്കില്‍ കരാറില്‍ ഒപ്പിടുകയാണെന്നും അതിനാല്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ നിര്‍ദേശം തള്ളിയ ഖമനേനി അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. അമേരിക്ക കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല ഇത്തരം ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരുകള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യ ടേമില്‍, ഡൊണാള്‍ഡ് ട്രംപ് ഇറാനും ലോകശക്തികളും തമ്മിലുള്ള 2018 ലെ കരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായാണ് പിന്‍മാറിയത്. സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് പകരമായി ഇറാന് ആണവ പദ്ധതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കരാര്‍ ഏര്‍പ്പെടുത്തിയിരുന്നു.കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ ട്രംപ് വീണ്ടും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.