ഇസ്രായേലിൽ ഇടപെടുമെന്ന മുന്നറിയിപ്പുമായി ഉർദുഗാൻ; സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേൽ

അങ്കാറ: ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലിൽ ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. മുൻകാലങ്ങളിൽ ലിബിയയിലും നഗോർണോ-കറാബാക്കിലും ചെയ്തതുപോലെ തുർക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉർദുഗാൻ പറഞ്ഞത്. എന്നാൽ, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഗസ്സയിൽ ആക്രമണം തുടങ്ങിയതുമുതൽ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുർക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ വരെ ഉർദുഗാൻ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഗസ്സക്ക് ടൺ കണക്കിന് സഹായ ഹസ്തവും തുർക്കിയ എത്തിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് ഇസ്രായേലി​ന് മുന്നറിയിപ്പ് നൽകിയത്. “ഫലസ്തീന് നേരെ ഇസ്രായേലിന് ഇത്തരം ആക്ഷേപാർഹമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവിധം നമ്മൾ വളരെ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നാം ഇടപെട്ടത് പോലെ ഇസ്രായേലിലും ചെയ്തേക്കാം’ -അദ്ദേഹം ജന്മനാടായ റൈസിൽ ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ യോഗത്തിൽ പറഞ്ഞു. “ഇത് ചെയ്യാതിരിക്കാൻ നമുക്ക് ഒരു ന്യായവുമില്ല. നടപടി സ്വീകരിക്കാൻ നാം ശക്തരായിരിക്കണം” -യോഗത്തിൽ ഉർദുഗാൻ കൂട്ടിച്ചേർത്തു.

2020-ൽ, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലിബിയൻ സർക്കാറിനെ പിന്തുണച്ച് തുർക്കിയ സൈനികരെ ലിബിയയിലേക്ക് അയച്ചിരുന്നു. നഗോർണോ-കറാബാക്കിൽ അസർബൈജാൻ സൈനിക നീക്കം നടന്നപ്പോൾ തുർക്കിയ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സൈനിക പരിശീലനമടക്കം നൽകിയതായി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

ഉർദുഗാന്റെ പ്രസ്താവനക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്തുവന്നു. സദ്ദാം ഹുസൈന്റെ കാൽപ്പാടുകളാണ് തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പിന്തുടരുന്നതെന്നും സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓർമ വേണമെന്നും ഇസ്രായേൽ കാറ്റ്സ് എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Turkey might enter Israel to help Palestinians: Erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.