ജറൂസലം: ഗസ്സ യുദ്ധം തുടങ്ങി 10 മാസമായിട്ടും ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരടക്കമുള്ളവരെ മോചിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറ്റലിയിൽ വെച്ച് മധ്യസ്ഥരുമായി ഇസ്രായേൽ ചർച്ചനടത്തി. ബന്ദിമോചനവും വെടിനിർത്തലും അടക്കമുള്ള കാര്യങ്ങളാണ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയുടെ നേതൃത്വത്തിൽ റോമിൽ നടന്ന ചർച്ചയിൽ വിഷയമായത്.
അമേരിക്കയെ പ്രതിനിധീകരിച്ച് സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, ഈജിപ്തിൽനിന്ന് ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഡേവിഡ് ബാർണിയയാണ് ഇസ്രായേൽ പ്രതിനിധി സംഘത്തെ നയിച്ചത്. റോമിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംഘം ഇസ്രായേലിലേക്ക് മടങ്ങിയതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഖത്തറും ഈജിപ്തുമാണ് വെടിനിർത്തൽ ചർച്ചകൾക്കും ബന്ദിമോചനത്തിനും നേതൃത്വം നൽകിയത്. ഗസ്സ വെടിനിർത്തലും ബന്ദി മോചനവും സംബന്ധിച്ച ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.