ബ്രിട്ടനിൽനിന്നുൾപ്പെടെ വിവിധ രാജ്യങ്ങളുടെ പ്രത്യേക സൈനികർ യുക്രെയ്നിലെത്തി റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതാനുണ്ടെന്ന് വെളിപ്പെടുത്തൽ. ഓൺലൈനായി ചോർന്നുകിട്ടിയ അതിരഹസ്യ രേഖകളിലാണ് വിവരങ്ങളുള്ളത്. വിവിധ രാജ്യക്കാരുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണ് എല്ലാവരും. കൂടുതൽ പേരുള്ള യു.കെയിൽനിന്ന് 50 പേർ, ലാറ്റ്‍വിയ- 17, ഫ്രാൻസ്- 15, യു.എസ്- 14, നെതർലൻഡ്സ്- 1 എന്നിങ്ങനെയാണ് വിദേശ സൈനികരുടെ സാന്നിധ്യം.
ഇവർ എവിടെയാണെന്നതടക്കം വിവരങ്ങൾ ചോർന്ന രേഖയിലില്ല. യുക്രെയ്നെതിരെ മാത്രമല്ല, നാറ്റോക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അടുത്തിടെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ചോർന്നുകിട്ടിയ രഹസ്യ രേഖ യഥാർഥമാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്.
യുക്രെയ്ന് സഹായമെത്തിക്കുന്നതിൽ യു.എസിനു ശേഷം ഏറ്റവും മുന്നിൽനിന്ന രാജ്യമാണ് ബ്രിട്ടൻ. അതിന്റെ തുടർച്ചയായാണ് പ്രത്യേക സേനയെ അയക്കലും.
യുക്രെയ്നിൽ പടിഞ്ഞാറൻ രാജ്യങ്ങൾ എത്തിച്ച ആയുധങ്ങൾ, അവയുടെ വിന്യാസം എന്നിവ ഉൾപ്പെടെ സുപ്രധാന വിവരങ്ങളുള്ളതാണ് ചോർന്ന രേഖകൾ. നിലവിൽ രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷി കുറഞ്ഞുവരികയാണെന്നും റഷ്യക്കെതിരെ പിടിച്ചുനിൽക്കാനാകുന്നതല്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. യുദ്ധത്തിൽ 124,500നും 131,000നുമിടയിൽ യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇതിലുള്ളത്. റഷ്യൻ ഭാഗത്താകുമ്പോൾ 189,500നും 223,000നും ഇടയിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.