യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ

പുടിനുമായി കൂടിക്കാഴ്ചക്ക് ഒരുക്കമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ്; 'സമാധാനപരമായ ഒത്തുതീർപ്പിന് ചർച്ചക്ക് തയാർ'

യുക്രെയ്നും റഷ്യക്കുമിടയിലെ സാഹചര്യം അനുദിനം വഷളാകുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് സന്നദ്ധതയറിയിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി. എന്താണ് റഷ്യൻ പ്രസിഡന്‍റ് ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ ഒത്തുതീർപ്പിലേക്ക് എങ്ങനെ എത്താമെന്നും അറിയാൻ പുടിനുമായി കൂടിക്കാഴ്ചക്ക് തയാറാണെന്നാണ് സെലൻസ്കി അറിയിച്ചത്. പുടിനുമായി ഇന്ന് ഫോൺ സംഭാഷണം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിട്ടുണ്ട്.

അതിർത്തിയിൽ റഷ്യ നടത്തുന്ന പ്രകോപനങ്ങളോട് തങ്ങൾ പ്രതികരിക്കില്ലെന്ന് പ്രസിഡന്‍റ് സെലെൻസ്കി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ റഷ്യ ആക്രമിച്ചാൽ പ്രത്യാക്രമണത്തിന് തയാറാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുക്രെയ്നിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, റഷ്യൻ പിന്തുണയുള്ള കിഴക്കൻ വിമത മേഖലയിൽ നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് യുക്രെയ്ൻ സൈനികർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു.

കിഴക്കൻ യുക്രെയ്നിൽ സാഹചര്യങ്ങൾ വഷളാവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. റഷ്യൻ പിന്തുണയുള്ള വിമത കേന്ദ്രങ്ങളിൽ നിന്ന് തങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നതായി യുക്രെയ്നും, യുക്രെയ്ൻ സൈന്യം ആക്രമണം നടത്തുന്നതായി വിമതരും ആരോപിച്ചു.

കിഴക്കൻ യുക്രെയ്നിലെ ജനവാസ മേഖലയിലേക്ക് ഷെല്ലാക്രമണം നടത്തുന്നതിനെ യൂറോപ്യൻ യൂണിയൻ അപലപിച്ചു. റഷ്യ സൈനികവിന്യാസം പിൻവലിക്കണമെന്നും വെടിനിർത്തൽ ധാരണയുടെ ലംഘനം അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

യുക്രെയ്നിലേക്കുള്ള റഷ്യൻ കടന്നുകയറ്റം ഏതുനിമിഷവും സംഭവിക്കാമെന്നാണ് യു.എസും പശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, സൈനികരെ പിൻവലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യ രംഗത്തെത്തിയിരുന്നു. ഇതിന് തെളിവായി സൈനികർ മടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, റഷ്യയെ വിശ്വാസത്തിലെടുക്കാൻ പാശ്ചാത്യരാജ്യങ്ങൾ തയാറായിട്ടില്ല. ചെറിയ ആക്രമണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കാനും തിരിച്ചടിയുണ്ടായാൽ യുക്രെയ്നിലേക്ക് കടന്നുകയറാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Ukraine’s Zelenskyy wants meeting with Russia’s Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.