ഇന്ത്യയുടെ യു.എൻ സുരക്ഷാസമിതി സ്ഥിരാംഗത്വം; മസ്കിന് മറുപടിയുമായി യു.എസ്

വാഷിങ്ടൺ: ഇന്ത്യയുടെ യു.എൻ സുരക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണയുണ്ടാകുമെന്ന പരോക്ഷ സൂചനയുമായി യു.എസ്. സ്റ്ററ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത പട്ടേലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.എൻ സുരക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ഇല്ലാത്തത് സംബന്ധിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് വേദാന്ത് പട്ടേൽ പ്രതികരിച്ചത്. ഇതേക്കുറിച്ച് യു.എസ് പ്രസിഡന്റ് യു.എൻ പൊതുസഭയിൽ നേരത്തെ സംസാരിച്ചിട്ടുണ്ട്. സെക്യൂരിറ്റി കൗൺസിൽ ഉൾപ്പടെയുള്ള യു.എൻ സ്ഥാപനങ്ങളിലെ പരിഷ്കാരങ്ങളെ യു.എസ് അനുകൂലിക്കുന്നു. നമ്മൾ ഇപ്പോൾ ജീവിക്കുന്ന 21ാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിക്കുന്ന രൂപത്തിൽ യു.എന്നിലും പരിഷ്കാരങ്ങൾ വേണം. എന്നാൽ, ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ താൻ വ്യക്തമാക്കുന്നില്ല. യു.എന്നിൽ പരിഷ്കാരം വേണമെന്ന് തന്നെയാണ് യു.എസ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ജനുവരിയിലാണ് ഇന്ത്യയുടെ യു.എൻ സ്ഥിരാംഗത്വത്തെ കുറിച്ച് മസ്ക് പ്രസ്താവന നടത്തിയത്. യു.എൻ സുരക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വമില്ലാത്തത് അസംബന്ധമാണെന്നായിരുന്നു മസ്കിന്റെ പ്രസ്താവന. ശക്തിയുള്ള രാജ്യങ്ങൾ യു.എന്നിൽ സ്ഥിരാംഗത്വം ആഗ്രഹിക്കുമെന്നും മസ്ക് പറഞ്ഞിരുന്നു.

യു.എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ആവശ്യം ഇന്ത്യ നിരവധി തവണ ഉന്നയിച്ചിരുന്നു. യു.എൻ സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണ് ഉള്ളത്. ഇതിൽ വീറ്റോ പവറുള്ള അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും ഉൾപ്പെടുന്നു. രണ്ട് വർഷമാണ് താൽക്കാലിക അംഗങ്ങളുടെ കാലാവധി. യു.കെ, ഫ്രാൻസ്, റഷ്യ, യു.എസ്, ചൈന എന്നിവരാണ് യു.എൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ.

Tags:    
News Summary - US Reacts To Elon Musk's Remarks Backing Permanent UNSC Seat For India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.