ആരാണ് ഹമാസിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകുന്ന മുഹമ്മദ് സിൻവാർ?

ആരാണ് ഹമാസിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകുന്ന മുഹമ്മദ് സിൻവാർ?

വെടിനിർത്തലിനുശേഷം ഗസ്സയും ഹമാസും അതിന്റെ നിർണായക ഘട്ടത്തിലൂടെ കടന്നുപോവുമ്പോൾ ഹമാസിന്റെ നേതൃനിരയിലേക്ക് ഒരു പുതിയ പേര് ഉയർന്നുവരികയാണ്. കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ ഇളയ സഹോദരനായ മുഹമ്മദ് സിൻവാറിന്റേതാണത്.  ഗസ്സ പുനഃർനിർമാണം വലിയൊരു ലക്ഷ്യമായി അവശേഷിക്കെ, ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിൽ അതിന്റെ പ്രധാന തന്ത്രജ്ഞനായി മുഹമ്മദ് സിൻവാർ മാറിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 15 മാസം ഇസ്രായേൽ നടത്തിയ സൈനിക നീക്കങ്ങൾ 17,000ത്തിലധികം ഹമാസ് അംഗങ്ങളുടെ ജീവനെടുത്തു. ആ സയമമൊക്കെയും മുഹമ്മദ് സിൻവാർ ഗ്രൂപ്പിനെ പുനഃർനിർമിക്കുന്നതിലും ഗസ്സയുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു. പ്രത്യേകിച്ചും കഴിഞ്ഞ ഒക്ടോബറിൽ സഹോദരൻ യഹ്‍യയുടെ മരണാനന്തരം.

ഇസ്രായേൽ ഉദ്യോഗസ്ഥരിൽ ‘നിഴൽ’ എന്ന് വിളിപ്പേരുള്ള മുഹമ്മദ് സിൻവാർ 1975ൽ ഖാൻ യൂനുസിലെ അഭയാർത്ഥി ക്യാമ്പിലാണ് പിറന്നുവീണത്. ഹമാസിന്റെ നേതൃത്വത്തിനുള്ളിൽ പ്രാധാന്യത്തോടെ ഉയർന്നുവന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസ് തങ്ങളുടെ നേതാക്കളെ നിരന്തരം ലക്ഷ്യം വെക്കുന്നത് ഇസ്രായേലിന് എളുപ്പമല്ലാതാക്കാൻ ഒരു ഗവേണിങ് കൗൺസിൽ സ്ഥാപിക്കുകയുണ്ടായി. അതിന്റെ പ്രധാന നേതാവായി മുഹമ്മദ് മാറി.

അടുത്തിടെ ഗസ്സ സിറ്റിയിൽ നടന്ന ബന്ദി കൈമാറ്റത്തിനിടെയാണ് മുഹമ്മദി​ന്റെ സ്വാധീനം ദൃശ്യമായത്. ഹമാസ് പോരാളികൾ യൂനിഫോമിൽ നാല് ഇസ്രയേലി ബന്ദികളുമായി ഫലസ്തീൻ ചത്വരത്തിലൂടെ പരേഡ് നടത്തി. അനുകൂലികൾ ആഹ്ലാഭിവാദ്യങ്ങൾ അർപിച്ചു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന തുടർച്ചയായ സംഘർഷങ്ങൾക്കിടയിലും ഹമാസിനെ പൂർണമായി തകർക്കാൻ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് ഈ കൈമാറ്റം കാണിക്കുന്നതെന്ന് വിമർ​ശകർ ഉന്നയിച്ചു. ഗ്രൂപ്പിന്റെ പുനരുജ്ജീവനത്തിന് അവർ സിൻവാറിനെ പ്രശംസിച്ചു.

ഭക്ഷണവും മരുന്നും വാഗ്ദാനം ചെയ്യാൻ ആയിരക്കണക്കിന് ആളുകളെ റിക്രൂട്ട് ചെയ്യാനും ദുഃഖിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനും മുഹമ്മദ് തന്റെ അനുയായികളോട് നിർദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

മുഹമ്മദിന്റെ സമൂലമായ വീക്ഷണങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ യഹ്‍യയും ഹമാസ് സ്ഥാപകൻ ശൈഖ് അഹമ്മദ് യാസീനും ചേർന്നാണ് ആദ്യഘട്ടത്തിൽ രൂപപ്പെടുത്തിയത്. 13ാം വയസ്സിൽ തന്റെ സഹോദരന്റെ അറസ്റ്റിന് അദ്ദേഹം സാക്ഷിയായി. ഈ സംഭവം ഹമാസിനോടുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ശക്തിപ്പെടുത്തി.

1991ൽ മുഹമ്മദിനെ തീവ്രവാദ പ്രവർത്തനം ആരോപിച്ച്  ഒമ്പത് മാസത്തോളം ഇസ്രായേൽ പ്രതിരോധ സേന തടവിലിട്ടതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ സമ്മർദത്തിനു കീഴിൽ ഫലസ്തീൻ സുരക്ഷാ സേനയുടെ തടങ്കലിൽ കഴിഞ്ഞത് ഉൾപ്പെടെ, 1990കളിൽ അദ്ദേഹം മൊത്തം മൂന്നു വർഷം കസ്റ്റഡിയിൽ ചെലവഴിച്ചു.

2006ൽ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ പിടികൂടിയ റെയ്ഡിന് നേതൃത്വം നൽകിയതിനു ശേഷമാണ് മുഹമ്മദ് സിൻവാർ ഹമാസിൽ അറിയപ്പെടുന്നത്. ഈ ഓപ്പറേഷനൊടുവിൽ 2011ൽ ഫലസ്തീൻ തടവുകാരുടെ മോചനത്തിലേക്ക് നയിച്ചു. വർഷങ്ങളോളം മുഹമ്മദ് തന്റെ സഹോദരന്റെ വിശ്വസ്ത സഖ്യകക്ഷിയായി തുടർന്നു.

ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് മാരകമായ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇതിൽ 1,200ലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.

മുഹമ്മദ് സിൻവാറിന്റെ നേതൃത്വം ഏറെക്കുറെ രഹസ്യമായി തുടരുന്നു. എന്നാൽ, ഹമാസിനുള്ളിലെ ഉയർച്ച അദ്ദേഹത്തെ ഒരു പ്രധാന വ്യക്തിയാക്കി.

യഹ്‌യ സിൻവാറിന്റെ സഹോദരൻ എന്നത് ഗസ്സയിൽ അദ്ദേഹത്തിന്റെ പ്രശസ്തിയേറ്റിയതായി ഇസ്രായേലിന്റെ തീവ്രവാദ വിരുദ്ധ വിദഗ്ധൻ കോളിൻ ക്ലാർക്ക് അഭിപ്രായപ്പെടുന്നു. തന്റെ സഹോദരൻ കാരണം ഗസ്സയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു ‘ബ്രാൻഡാ’ണിയാളെന്നും അതിനാൽ ഹമാസ് അത് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും ക്ലാർക്ക് പറയുന്നു.

Tags:    
News Summary - Who is Mohammed Sinwar? 'The shadow' and brother of slain chief Yahya Sinwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.