അമ്പഴങ്ങയുടെ ഔഷധഗുണം അറിയാമോ..

കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ് അമ്പഴം. ഉപ്പിലിടാനും ചമ്മന്തിക്കും അച്ചാറിനും എല്ലാം അമ്പഴം നാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഏരെ ഔഷധഗുണങ്ങളുള്ള അമ്പഴത്തെ നാം മറന്നിരിക്കുകയാണ്. നമ്മുടെ വീട്ടുവളപ്പിലും വഴിയോരങ്ങളിലും ഈ വൃക്ഷം കാണാം. ഇതിൻറെ പഴം, ഇല, മരത്തിൻറെ തൊലി എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ്.


അമ്പഴത്തിന്റെ പഴച്ചാര്‍ പ്രമേഹം, വയറുകടി എന്നിവക്ക് ഉപയോഗിക്കുന്നു. പഴച്ചാര്‍ അല്‌പം തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മലബന്ധത്തിനു ആശ്വാസം കിട്ടും. ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, ദഹനക്കേട് എന്നിവയ്ക്കും അമ്പഴച്ചാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.

മുടി വളരുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും ഉണക്കിപൊടിച്ച അമ്പഴകായ്കൾ കഴിക്കുന്നതും, മൈലാഞ്ചി ചേർത്ത് തേക്കുന്നത് മുടി കറുപ്പിക്കുന്നതിനും, വായ്പ്പുണ്ണിന് അമ്പഴച്ചാർ ചേർത്ത വെള്ളം വായിൽ കൊള്ളുന്നതും, ചിക്കൻ പോക്സ്, മീസിൽസ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിന് അമ്പഴങ്ങ ഇട്ട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേർത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതാണെന്ന് പറയുന്നു.


ചമ്മന്തി ഉണ്ടാക്കുവാനും വിവിധ കറികളിലും പച്ച മാങ്ങാക്ക് പകരമായും ഉപയോഗിക്കാവുന്നതാണ്‌. അമ്പഴങ്ങയുടെ ഉള്ളിലെ വിത്ത്‌ കായ്‌ മൂക്കുംതോറും കട്ടി കൂടി നാരുകളാല്‍ ആവരണം ചെയ്യപ്പെട്ടതായി തീരുന്നു. അതുകൊണ്ട്‌ മൂത്ത കായ്‌കള്‍ ഉപ്പിലിടാനും അച്ചാര്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കാന്‍ പറ്റാതെ വരും. പഴുത്ത കായ്‌കള്‍ക്ക്‌ പ്രത്യേക മണവും രുചിയുമുണ്ടാകും. ഇതുകൊണ്ട്‌ ജാം, സര്‍ബത്ത്‌ പാനീയങ്ങള്‍ തുടങ്ങിയവ ഉല്‌പാദിപ്പിക്കാന്‍ ഉപയോഗിക്കാം.

അമ്പഴം എങ്ങനെ കൃഷി ചെയ്യാം

കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ പരിചരണം അധികം ഇല്ലാതെ തന്നെ അമ്പഴം കൃഷി ചെയ്യാം. കേടില്ലാത്ത പഴത്തിന്റെ വിത്ത് പാകിയും കമ്പുകൾ മുറിച്ചുനട്ടും ആണ് പ്രധാനമായും തൈ ഉത്പാദിപ്പിക്കുന്നത്. പ്രധാനമായും മണ്ണ്, മണൽ, ചാണക പൊടി എന്നിവ പോട്ടിങ് മിശ്രിതമായി ചേർത്ത് വിത്തുകൾ പാകി മുളപ്പിക്കാം.


കിളിർപ്പ് വന്നതിനുശേഷം തൈകൾ മണ്ണിലേക്ക് പറിച്ചു നടാവുന്നതാണ്. ജൈവാംശം കലർന്ന മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തെരഞ്ഞെടുത്തു അമ്പഴം കൃഷി ചെയ്താൽ നല്ല രീതിയിൽ വിളവ് ലഭിക്കുന്നതാണ്. തൈകൾ വളർന്നുവരാൻ സമയം എടുക്കുന്നതിനാൽ കമ്പ് മുറിച്ച് നടുന്നതാണ് ഉത്തമം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത കുഴിയിൽ കമ്പുകൾ നട്ടു പിടിപ്പിക്കാം.



കമ്പിന്റെ മുകൾഭാഗം പ്ലാസ്റ്റിക് കൊണ്ട് കെട്ടിവെച്ചാൽ മഴക്കാലത്തു ചീയ്യൽ രോഗത്തെ പ്രതിരോധിക്കാം. ചുവട്ടിൽ വെള്ളക്കെട്ട് ഒഴിവാക്കിയിരിക്കണം. വേനൽക്കാലത്ത് കൃത്യമായ നനയും പുത ഇടലും ചെയ്താൽ ചെടികളുടെ വളർച്ച വേഗത്തിലാക്കും. 

Tags:    
News Summary - hog plum farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT