കാർഷികമേഖലയിൽ രാജ്യത്തെ ലോക ഭൂപടത്തിനു പരിചയപ്പെടുത്തിയ ഒന്നാണ് മുളക്. സുഗന്ധവ്യഞ്ജനമായും ഔഷധമായും പാനീയങ്ങളിലും സൗന്ദര്യ വർധക വസ്തുക്കളിലും ഉപയോഗിച്ചുവരുന്ന മുളകിന്റെ തനത് ഗുണത്തിനും ഉൽപന്നത്തിന്റെ വിശാസ്യതക്കും ഏറെ മാതൃകയായിരുന്നു നാം. എന്നാൽ, പൊതുജനാരോഗ്യഹാനിക്കും മാനഹാനിക്കും ധനനഷ്ടത്തിനും മുളക് കാരണമാകുകയാണ്. കലർപ്പിലാത്ത ഉൽപന്നം വിപണനം ചെയ്യേണ്ടതും ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാകുന്നു. മുളകിന്റെ നിറത്തിനും ആകർഷണത്തിനും ഭാരത്തിനുമൊക്കെയായി ലാഭക്കണ്ണോടെയുള്ള മായംചേർക്കൽ ദുഃഖസത്യമാകുകയാണ്. മായംചേർത്തവയും ചേർക്കാത്തവയും നേർക്കാഴ്ചയിൽ തിരിച്ചറിയാൻ സാധിക്കില്ല എന്നത് ദൗർഭാഗ്യമാവുകയാണ്.
മുളകിലെ മായങ്ങളെ പ്രധാനമായും അജൈവ നിഷ്ക്രിയമായങ്ങൾ ജൈവമായങ്ങൾ എന്നതരത്തിൽ രണ്ടായി തിരിക്കുകയാണ് ശാസ്ത്രജ്ഞർ. കീടനാശിനികൾ, പൂപ്പൽ വിഷങ്ങൾ (മൈക്കോ ടോക്സിൻ), ഘനലോഹങ്ങൾ (ഹെവി മെറ്റൽസ്) എന്നിവ കൂടാതെ അജൈവ നിഷ്ക്രിയമായങ്ങളിൽ മുഖ്യം കട്ട (ഇഷ്ടിക) പൊടി, മിനറൽ എണ്ണ, ചായങ്ങൾ, കോൾ കാർ, സോപ്പ് കല്ല്, ചോക്ക് പൊടി, പൊടിയുപ്പ് തുടങ്ങിയവയാണ്. പ്രധാന ജൈവമായങ്ങളിൽ സുഡാൻ ചായങ്ങൾ ആണ് ഏറ്റവും അധികം കാണപ്പെടുന്നതെന്ന് ശാസ്ത്രജ്ഞനായ ഡോ. ബി. ശശികുമാർ പറയുന്നു. ഈ രാസ ചായങ്ങളെ കണ്ടെത്താൻ ക്രോമാറ്റോഗ്രാഫി, സ്പെക്ട്രോസ്കോപി സംവിധാനങ്ങൾ കൂടാതെ ചിലതരം സെൻസറുകളും ഇപ്പോഴുണ്ട്. മുളക് പൊടിയിൽ കട്ടപ്പൊടി കലർന്നിട്ടുേണ്ടാ എന്നറിയാൻ ഏറ്റവും ലളിതമായ മാർഗം വെള്ളത്തിലിട്ട് നോക്കുക (ഫ്ലോട്ടേഷൻ) ആണെങ്കിലും ഇപ്പോൾ ഇതിനും പ്രത്യേക സെൻസറുകളും നിർമിത ബുദ്ധി അടിസ്ഥാനമായിട്ടുള്ള രീതികളുമുണ്ട്. ജൈവമായങ്ങളെ കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗം ജനിതക വഴിയാണ്. ഡി.എൻ.എ തന്മാത്രയിലെ ബേസുകളുടെ വിന്യാസത്തിലുള്ള വ്യത്യാസം അടിസ്ഥാനമാക്കി പൊടി രൂപത്തിലുള്ള വിവിധ സുഗന്ധവ്യഞ്ജനങ്ങളിലെ, ജൈവമായം കണ്ടെത്തൽ ഒരു നൂതന കാൽവെപ്പാണ്. ബ്രാൻഡ് ചെയ്തതും ചെയ്യാത്തതുമായ മുളക് പൊടികളിൽ മായം കണ്ടെത്തിയിട്ടുണ്ട്. വമ്പൻമാരും ചെറുകിടക്കാരും ഒക്കെ മായാമോഹത്തിൽ നിന്നും മുക്തരല്ല. നിത്യവും നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യജ്ഞനന്നെ നിലയിൽ വ്യാജനിൽ നിന്ന് മോചനം നേടാൻ ഏറ്റവും ലളിതവും സുരക്ഷിതവുമായ രക്ഷാമാർഗം മുളക് വാങ്ങി കഴുകി ഉണക്കിപൊടിച്ച് ഉപയോഗിക്കുക എന്നതാണെന്ന് കാർഷിക ശാസ്ത്രജ്ഞനായ ഡോ. ബി. ശശികുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.