കാക്കനാട് തുതിയൂർ ആദർശ നഗർ നടയ്ക്കൽ വീട്ടിൽ സംജാദ് പശുഫാമിലെ തിരക്കിലാണ്. പള്ളിക്കര കൊച്ചിൻ കോളജിൽ ബി.കോം പഠനം കഴിഞ്ഞിറങ്ങിയ ഈ 27കാരൻ, തലമുറകളായി പകർന്നുകിട്ടിയ കന്നുകാലി പരിപാലനം മികച്ചരീതിയിൽ പ്രാവർത്തികമാക്കി വിജയം കൊയ്യുകയാണ്. ഇതു സംബന്ധിച്ച ഏതു സംശയത്തിനും ശാസ്ത്രീയ മറുപടിയുമായി ക്ഷീരകർഷകർക്കൊപ്പം ഈ യുവാവുണ്ട്.
പിതാമഹൻ നടയ്ക്കൽ ആലിയിൽനിന്നും പിതാവ് എൻ.എ. ബഷീറിൽനിന്നുമാണ് പശുപരിപാലനം സംജാദ് ഏറ്റെടുക്കുന്നത്. പശുത്തൊഴുത്തിൽ സ്കൂൾ കാലംമുതൽ സഹായിയായിരുന്ന സംജാദ്, പിതാവിന് സുഖമില്ലാതായതോടെ, പശുക്കളുടെ ലോകത്തേക്കിറങ്ങിയത്. ഒപ്പം കട്ട സപ്പോർട്ടുമായി ഭാര്യ തസ്ലീമയും മാതാവ് ലൈലയും സഹോദരൻ എൻ.ബി. സനൂപ്, സഹോദര ഭാര്യ റുസ്ന എന്നിവരുമുണ്ട്. തുടർന്നും പഠിക്കണമെന്ന ആഗ്രഹമുള്ളതിനാൽ അതിന് സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പശുക്കളെ വളർത്താൻ വീട്ടിൽ സൗകര്യം കുറവായതിനാൽ സംജാദ് 2019ൽ ഇൻഫോപാർക്കിന് സമീപം നിലംപതിഞ്ഞിമുകളിൽ പഴയ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനടുത്തായി 18 സെന്റ് സ്ഥലം വാടകയ്ക്കെടുത്താണ് ഫാം ഒരുക്കിയത്. പിതാവ് 13 കാലികളിൽ തുടങ്ങിയത്, സംജാദ് 30ൽ എത്തിച്ചു. 25 കറവപ്പശുക്കൾ, ഏഴ് കിടാക്കൾ, രണ്ട് മൂരി, രണ്ട് എരുമ എന്നിവയാണ് ഇപ്പോഴുള്ളത്. ജഴ്സി, എച്ച്.എഫ്, സിന്ധി ക്രോസ് ഇനങ്ങളിൽപെട്ടവയാണ് പശുക്കൾ.
ഡയറി ഫാമിലെ പ്രതിദിന പാലുൽപാദനം 300 ലിറ്ററിലേറെയാണ്. യന്ത്രസഹായമില്ലാതെ സംജാദ് തന്നെയാണ് മുഴുവൻ പശുക്കളെയും കറക്കുന്നത്. മറ്റു ജോലികൾക്കായി ഒരു സഹായിയുണ്ട്. തൈര്, മോര്, നെയ്യ് എന്നിവയും ഉത്പാദിപ്പിക്കുന്നു. ചാണകം ഉണക്കി ചാക്കിലാക്കി വിൽക്കും.
ഇടപ്പള്ളി ക്ഷീരവികസന യൂനിറ്റിലെ 2021-22 വർഷത്തെ ഏറ്റവും പ്രായംകുറഞ്ഞ ക്ഷീരകർഷകനുള്ള അവാർഡ് സംജാദിനായിരുന്നു.
പുലർച്ച 2.45 മുതൽ സജീവമാകുന്നതാണ് സംജാദിന്റെ ഫാം. ആദ്യം പശുവിനെ കുളിപ്പിക്കൽ, ചാണകം വാരൽ, തൊഴുത്ത് വൃത്തിയാക്കൽ. നാലരയോടെ പശുവിനെ കറക്കാൻ തുടങ്ങും. ആറുമുതൽ പാൽ വിതരണം. ഏഴുമണിയോടെ സൊസൈറ്റിയിലേക്കുള്ള പാൽ എത്തിച്ചശേഷം, പുല്ലിനായി ഇടച്ചിറ, ബ്രഹ്മപുരം ഭാഗങ്ങളിലെ പാടത്തേക്കിറങ്ങും. വീണ്ടും ഫാമിലെത്തി തൊഴുത്ത് വൃത്തിയാക്കലും മറ്റും. ഒരു മണിയോടെ വീണ്ടും പശുവിനെ കറക്കുന്നതിന്റെ തിരക്ക്. തുടർന്ന് പാൽ വിതരണം. ശേഷം ഫാമിലെ മറ്റു ജോലികളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.