പടന്ന: കാർഷിക സംസ്കൃതിയോട് പുതുതലമുറ അകന്നുനിൽക്കുമ്പോൾ മാതൃകയാവുകയാണ് എടച്ചാക്കൈ എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി എൻ.സി. സന. വീടിന്റെ ടെറസിലും പരിസരങ്ങളിലുമായി തക്കാളി, വെണ്ട, ചീര, ഞരമ്പൻ തുടങ്ങിയ വിവിധയിനങ്ങളിൽ കൃഷിയിറക്കിയ സന പുതുവത്സര ദിനത്തിൽ വിളവെടുത്ത് മണ്ണിന്റെ സുഗന്ധവും മാധുര്യവും അനുഭവച്ചറിഞ്ഞ സന്തോഷത്തിലാണ്.
കോവിഡ് മഹാമാരിയിൽ വീട്ടിൽ വെറുതെയിരിക്കേണ്ടെന്ന് കരുതിയാണ് പച്ചക്കറികൃഷിയിലേക്ക് തിരിഞ്ഞത്. പൂർണ പിന്തുണയേകി മാതാപിതാക്കളും സഹോദരങ്ങളും ഒപ്പംനിന്നപ്പോൾ മണ്ണിലും ടെറസിലും പൊന്നുവിളഞ്ഞു.വിദ്യാലയത്തിലെ ചമൻ ഉർദു ക്ലബ് ആവിഷ്ക്കരിച്ച ജശ്നെ ബഹാർ പദ്ധതിയുടെ ഭാഗമായി പടന്ന കിനാത്തിൽ കൃഷിഭവനിൽ നിന്ന് ലഭിച്ച വിത്തുകളിലൂടെ കൃഷിയിൽ സജീവമാകാൻ തന്നെയാണ് കുട്ടിക്കർഷകയുടെ തീരുമാനം.
കൃഷിഭവനിലൂടെ വിദ്യാർഥികൾക്കായി വിവിധ തൈകൾ, വിത്തുകൾ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. എടച്ചാക്കൈ എ.യു.പി സ്കൂളിന് സമീപത്തെ അബ്ദുൽ സലാം-എൻ.സി. നസീമ ദമ്പതികളുടെ മകളായ കുരുന്നു കർഷകയുടെ വീട്ടിൽ വിളപ്പെടുപ്പിനായി കൃഷി ഓഫിസർ അംബുജാക്ഷൻ, സ്കൂൾ പ്രധാനാധ്യാപകൻ ഇ.പി. വത്സരാജൻ, പി.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ നാസർ എന്നിവരെത്തി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.