അടിമാലി: മഴക്കാലം കന്നുകാലികള്‍ക്കും രോഗകാലമാണ്. അതിനാല്‍ ഇവയുടെ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. രോഗങ്ങള്‍ പടരുമോ എന്ന ആശങ്കക്കൊപ്പം ജില്ലയുടെ പല ഭാഗങ്ങളിലും മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ലഭിക്കാത്തതും പ്രശ്നമാണ്. കറവപ്പശുക്കള്‍ക്ക് അകിടുവീക്കം കൂടുതലായി കണ്ടുവരുന്നതായി കര്‍ഷകര്‍ പറയുന്നു. വിവിധ ഇനം പനികളും വയറിളക്കവും ഉള്‍പ്പെടെ പലരോഗങ്ങളും പിടിപെടാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. സംസ്ഥാനത്ത് പാലുല്പാദനത്തില് മൂന്നാം സ്ഥാനമാണ് ജില്ലക്കുള്ളത്.
പ്രതിദിനം ഒരു ലക്ഷം ലിറ്ററിന് മുകളില്‍ പാലാണ് ഉൽപാദിപ്പിക്കുന്നത്. 218 ക്ഷീരസംഘങ്ങളില്‍ 198 സംഘങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 12000 കര്‍ഷകര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാല് വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നു. മൃഗ സംരക്ഷണ വകുപ്പ് മൂന്ന് വര്‍ഷം മുമ്പ് നടത്തിയ കന്നുകാലി സെന്‍സസ് പ്രകാരം ജില്ലയില്‍ പശു വര്‍ഗത്തില്‍ 90074ഉം എരുമ വര്‍ഗത്തില്‍ 5690മാണുള്ളത്. ജില്ലയിലെ 53 പഞ്ചായത്തിലായി ജില്ല ആശുപത്രിക്ക് പുറമെ നാല് പോളി ക്ലിനിക്കും 12 ഹോസ്പിറ്റലും 49 ക്ലിനിക്കും മൂന്ന് മൊബൈല്‍ യൂനിറ്റും ഒരു പൗള്‍ട്ടി ഫാമും പ്രവര്‍ത്തിക്കുന്നു.
നിരവധി വെറ്ററിനറി ആശുപത്രികളില്‍ ഡോക്ടർമാരുമില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ആശുപത്രികളില്‍ രാത്രി പ്രവര്‍ത്തനം പേരിന് ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമാണ്. ഭൂരിഭാഗം മൃഗാശുപത്രികളിലും ഡോക്ടർമാര്‍ ഉണ്ടെങ്കിലും എല്ലായിടങ്ങളില്‍നിന്നും വ്യാപക പരാതികളുമുണ്ട്. ഡോക്ടർമാര്‍ കൃത്യമായ രീതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് സേവനം നല്‍കുന്നില്ലെതാണ് ഇതില്‍ പ്രധാന ആരോപണം. അസുഖം വരുന്ന കന്നുകാലികളെ പരിചരിക്കാന്‍ വീടുകളില്‍ ഡോക്ടര്‍മാര്‍ എത്തണമെങ്കില്‍ വാഹനം നിര്‍ബന്ധമാണെന്ന പിടിവാശിയുമുണ്ട്. ഇതോടെ പലരും സേവനം ഉപേക്ഷിക്കുകയും വിരമിച്ചതും അല്ലാത്തതുമായ മറ്റ് ജീവനക്കാരുടെ സേവനം തേടിയുമാണ് മൃഗപരിപാലനം നടത്തുന്നത്. രാവിലെ എട്ടു മുതല്‍ മൃഗാശുപത്രികള്‍ തുറക്കണമെന്നാണ് ചട്ടം.
എന്നാല്‍, ജില്ലയിലെ ഭൂരിഭാഗം മൃഗാശുപത്രികളും പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതലാണ്. ഞായറാഴ്ചകളില്‍ മൃഗാശുപത്രികളില്‍ 90 ശതമാനവും അടഞ്ഞുകിടക്കുകയും ചെയ്യുന്നു. മൃഗചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.