കോട്ടയം: വ്യാപാരികൾ മുഖം തിരിച്ചതോടെ ജില്ലയിൽ കെട്ടിക്കിടക്കുന്നത് ക്വിന്റൽ കണക്കിന് വാട്ടുകപ്പ. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ കപ്പകൃഷി ചെയ്യുന്നത് ജില്ലയിലാണ്. ക്വിന്റൽ കണക്കിന് വാട്ടുകപ്പയാണ് ജില്ലയുടെ വിവിധ മേഖലകളിൽ കെട്ടിക്കിടക്കുന്നത്. മറ്റ് രാസപദാർഥ പ്രയോഗങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ഗുണനിലവാരം ഏറിയതുമാണ്. ഇതിന് കിലോക്ക് 50 മുതൽ 60 രൂപവരെ ലഭിക്കേണ്ടതാണെന്നാണ് കർഷകരുടെ പക്ഷം. ഇവിടെ മൂന്നുവർഷമായി കച്ചവടക്കാർ വാട്ടുകപ്പ കർഷരിൽനിന്ന് സംഭരിക്കുന്നില്ല. പകരം തമിഴ്നാട്ടിൽനിന്നാണ് വാങ്ങുന്നത്. അവിടെനിന്ന് 30 മുതൽ 45 രൂപവരെ വിലയിൽ വാങ്ങുന്ന വാട്ടുകപ്പ കിലോക്ക് 100 രൂപ നിരക്കിലാണ് നാടൻ വാട്ടുകപ്പ എന്ന പേരിൽ ഇവിടെ വിൽക്കുന്നത്. ഇതിന് ഗുണനിലവാരമില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ രാസപദാർഥങ്ങൾ പ്രയോഗിച്ച ശേഷമാണ് കേരളത്തിലെ വിപണിയിൽ എത്തുന്നത്. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നതിനാൽ കച്ചവടക്കാർക്കും തമിഴ്നാട് കപ്പയോടാണ് പ്രിയം. കുറഞ്ഞ ചെലവിൽ വൻലാഭമാണ് കച്ചവടക്കാർ കൊയ്യുന്നത്. കൃഷിയിറക്കി കപ്പ വിളവെടുത്ത ശേഷം വാട്ടുകപ്പ തയാറാക്കിയെടുക്കുന്നത് ദിവസങ്ങളുടെ അധ്വാനത്തിലൂടെയാണ്. മുൻ കാലങ്ങളിൽ കപ്പ വാട്ടി വെയിലത്തിട്ടാണ് ഉണക്കി എടുത്തിരുന്നത്. എന്നാൽ, ഇപ്പോൾ കർഷകകൂട്ടായ്മകളുടെ പക്കലുള്ള ഉണക്കൽ യന്ത്രത്തിൽ (ഡ്രയർ) ഇട്ട് ഉണക്കി എടുക്കുകയാണ് ചെയ്യുന്നത്.
ഗുണനിലവാരം ഉള്ളതായതിനാൽ അന്നജത്തിന്റെ അളവ് നാടൻ വാട്ടുകപ്പയിൽ ഏറെയുണ്ട്. അതിനാൽ ഇത് കാലിത്തീറ്റ നിർമാണത്തിന് ഉത്തമമാണ്. നിലവിൽ കേരള ഫീഡ്സ് കരാർ അടിസ്ഥാനത്തിൽ പുറത്തുനിന്ന് വാട്ടുകപ്പ വാങ്ങുകയാണ്. സർക്കാറിന്റെ കാലിത്തീറ്റ നിർമാണ കമ്പനിയായ കേരള ഫീഡ്സിന് ജില്ലയിലെ വാട്ടുകപ്പ സംഭരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരിക്കുകയാണ് കർഷകർ. കെട്ടിക്കിടക്കുന്ന വാട്ടുകപ്പ കേരള ഫീഡ്സ് സംഭരിക്കണമെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കർഷകർ മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാർ കൂടി കൈവിട്ടാൽ ലക്ഷക്കണക്കിന് വിലവരുന്ന വാട്ടുകപ്പ വെറുതെ നശിച്ചുപോകുമെന്ന അവസ്ഥയിലാണ്. സമയം തെറ്റിപ്പെയ്യുന്ന മഴയിൽ സംഭരിച്ചുവെച്ചിരിക്കുന്ന വാട്ടുകപ്പ കേടാകാനും സാധ്യതയുണ്ട്. ചണച്ചാക്ക് കിട്ടാത്തതിനാൽ ഈർപ്പം കയറി ഇത് വേഗം നശിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.