പുതുനഗരം: മഴക്കാലത്തും തരിശിട്ട നെൽപ്പാടങ്ങൾ കൃഷിയിറക്കാതെ കാടുപിടിച്ച് നശിക്കുന്നു. പുതുനഗരം, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, കൊടുവായൂർ, പെരുവെമ്പ്, പല്ലശ്ശന എന്നീ പഞ്ചായത്തുകളിലാണ് 300 ഏക്കറിലധികം ഇരുപൂവൽ നെൽപ്പാടങ്ങൾ ജലസേചന സൗകര്യങ്ങളുണ്ടായിട്ടും കൃഷിയിറക്കാതെ നശിച്ചു കൊണ്ടിരിക്കുന്നത്. മഴ തുടരുന്നതിനാൽ ഒന്നാം വിളയിറക്കലിന് ഒരു തടസ്സവുമില്ലാത്ത നെൽപാടങ്ങളാണ് നശിക്കുന്നത്. കച്ചവട താൽപര്യങ്ങൾക്ക് പ്ലോട്ടുകളാക്കാനാണ് മിക്ക നെൽപ്പാടങ്ങളും തരിശിടുന്നതെന്നാണ് ആരോപണം. വിത്ത് മുതൽ വിളവെടുപ്പ് വരെ നിരവധി സബ്സിഡികൾ നൽകിയും കൃഷി ചെയ്യുവാൻ സാധിക്കാത്ത ഇരുപൂവൽ പാടശേഖരങ്ങളെ കൃഷിവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഏറ്റെടുത്ത് കൃഷിയിറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാർഷിക പുനരുജ്ജീവനത്തിനായി പദ്ധതികൾ ഉണ്ടായിരിക്കെയാണ് നൂറിലധികം ഹെക്ടർ പാടശേഖരങ്ങൾ മഴക്കാലത്തും കൃഷി ചെയ്യാതെ കാടുപിടിക്കുന്നത്. ഒന്നാം കൊയ്ത്തിന് തയാറെടുപ്പ് നടക്കുന്നതിനിടയിലും നിലവിൽ രണ്ടാം വിളവിറക്കലിന് തയാറെടുക്കുന്ന പാടശേഖരങ്ങൾക്ക് സമീപത്താണ് ഇത്തരം തരിശിട്ട നെൽപ്പാടങ്ങൾ സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ പ്ലോട്ടുകളാക്കി തിരിച്ചിട്ടുള്ളതിനാൽ എതിർക്കാൻ ആരും മുന്നോട്ടു വരാറില്ലെന്ന് നാട്ടുകാർ പറയുന്നു.
നിരവധി കർഷക സംഘടനകൾ തരിശിട്ട നെൽപ്പാടങ്ങൾക്കെതിരെ കൊടികുത്തി സമരം നടത്തുകയും പ്രതീകാത്മകമായി കൃഷിയിറക്കിയും വിവിധ പഞ്ചായത്തുകളിൽ സമരം ചെയ്തിട്ടും തരിശിടുന്ന പാടങ്ങൾ കുറഞ്ഞിട്ടില്ല. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ തരിശിട്ട നെൽപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്താൻ സർക്കാർ സാമ്പത്തിക സഹായങ്ങൾ വരെ ചെയ്തു വരുന്ന സാഹചര്യത്തിൽ ചില പഞ്ചായത്തുകൾ അയൽക്കൂട്ടങ്ങളെ കൃഷി മേഖലയിലേക്ക് തിരിച്ചു വിടാതെ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെ സഹായിക്കുന്നതായാണ് ആരോപണം.
കനാലുകളിൽനിന്ന് വെള്ളം കടന്നുപോകുന്നത് മിക്ക പ്രദേശങ്ങളിലും ഇത്തരം തരിശിട്ട നെൽപ്പാടങ്ങളിലൂടെയാണ്. തരിശിട്ട ഇരുപൂവൽ പാടങ്ങളിലൂടെയാണ് രണ്ടാം വിളയിറക്കുന്ന നെൽപാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. ഇത്തരം തരിശിട്ട നെൽപ്പാടങ്ങൾക്ക് ഉഴവുകൂലിയും ഉൽപാദന ബോണസും വാങ്ങിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന പരാതിയും ഫയലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.