തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന സാമാജികൻ പി.ടി. തോമസിന് നിയമസഭയുടെ ആദരം. കക്ഷിരാഷ്ട്രീയത്തിനപ്പുറം സഭാതലത്തിൽ പി.ടി നിറഞ്ഞപ്പോൾ അത് ഹൃദയവേദനകളുടെ ഓർമകൾ കൂടിയായി. എന്നും തനതായ നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നതിലെ കരുത്താണ് പി.ടിയെ വ്യത്യസ്തനാക്കിയത്. യോജിച്ചാലും വിയോജിച്ചാലും കേട്ടില്ലെന്ന് നടിക്കാന്‍ സാധ്യമാകാത്ത ശബ്ദമായിരുന്നു പി.ടിയുേടത്. മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പരിപാലിക്കുന്നതില്‍ ശ്രദ്ധവെച്ച നേതാവ് കൂടിയായിരുന്നു പി.ടി. തോമസെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഭൂരിപക്ഷത്തിന്റെ അനുകൂലാഭിപ്രായം കിട്ടാനായി തന്റെ ശരികളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു പി.ടി. തോമസെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനയായി മുന്നില്‍ നിന്ന പോരാളിയായിരുന്നു പി.ടി. തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കിയാണ് പി.ടി കടന്നുപോയത്. നിലപാടുകളിലെ കാര്‍ക്കശ്യമാണ് പി.ടിയെ വ്യത്യസ്തനാക്കിയത്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലെ അഗ്നിയായിരുന്ന പി.ടി ആ തീ അവസാന ശ്വാസം വരെ കാത്തുസൂക്ഷിച്ചു. ജാതിമത ചിന്തകള്‍ക്ക് അതീതമായി മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ആളായിരുന്നു അദ്ദേഹമെന്നും സതീശന് പറഞ്ഞു.
മണ്ണിനോടും പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധത എന്നും ഉറക്കെ പറയുകയും പ്രകടിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു പി.ടി തോമസെന്ന് ഇ. ചന്ദ്രശേഖരന് പറഞ്ഞു. വലിയ നഷ്ടങ്ങളുണ്ടാകുമെന്നറിഞ്ഞിട്ടും ആദര്‍ശങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു പി.ടി. തോമസെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി.ജെ. ജോസഫ്, മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, തോമസ് കെ. തോമസ്, രാമചന്ദ്രന് കടന്നപ്പള്ളി, കെ.ബി. ഗണേഷ്കുമാര്, കെ.പി. മോഹനന്, കോവൂര്‍ കുഞ്ഞുമോന്, മാണി സി. കാപ്പന്, കെ.കെ. രമ എന്നിവരും പി.ടിക്ക് ആദരം അർപ്പിച്ചു. പി.ടിയുടെ വേർപാടിൽ ആദരം അർപ്പിച്ച് സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.