പിതാവിന് ഏഴുവർഷവും രണ്ടാനമ്മക്ക് 10 വർഷവും തടവും പിഴയും; ഷഫീഖ് വധശ്രമക്കേസിൽ ശിക്ഷ വിധിച്ചു

തൊടുപുഴ: ഇടുക്കി കുമളിയിൽ നാലരവയസുകാരൻ ഷഫീഖിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവിനും രണ്ടാനമ്മക്കും ശിക്ഷ വിധിച്ച് തൊടുപുഴ സെഷൻസ് കോടതി. പിതാവ് ഷഫീഖിനെ ഏഴുവർഷം തടവിനും 50,000 രൂപ പിഴക്കും രണ്ടാനമ്മ അനീഷയെ 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ കൂടുതൽ കാലം ശിക്ഷയനുഭവിക്കണം.

കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായി ജീവപര്യന്തം തടവ് നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി.

2013 ജൂലൈയിൽ ആണ് ഷഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അപസ്‍മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകമറിഞ്ഞത്. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അവരെ നോക്കേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു.

എന്നാല്‍, ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കല്‍ റിപ്പോർട്ടുകളാണ് കേസില്‍ നിർണായകമായത്. നിലവിൽ തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിന്‍റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്. 11 വർഷമായി രാഗിണിയാണ് ഷഫീഖിനെ സംരക്ഷിക്കുന്നത്. 

Tags:    
News Summary - The accused were sentenced in the Shafiq attempt to murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.