സ്പാനിഷ് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ടൈ ധരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞത് എന്തുകൊണ്ട്​?

മഡ്രിഡ്: സർക്കാർ/സ്വകാര്യ ഓഫിസുകളിൽ ജോലിക്കു വരുന്നവർ ടൈ ധരിക്കുന്നത് ഒഴിവാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിർദേശിച്ചു. ചൂടു കാലത്ത് പോലും ടൈ ധരിക്കുന്നത് ശീലമാക്കിയ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ നിർദേശത്തിൽ അദ്ഭുതം കൂറിയിരിക്കയാണ്. ''ഞാൻ ടൈ ധരിച്ചിട്ടില്ല. അതുപോലെ നിങ്ങളും ടൈ ധരിക്കാതിരിക്കുന്നതാണ് നല്ലത്''-മഡ്രിഡിൽ നടന്ന കോൺഫ്രൻസിനിടെ സാഞ്ചസ് പറഞ്ഞു.

ടൈ ധരിക്കാത്തത് കൂടുതൽ സൗകര്യപ്രദമായി തോന്നുന്നുവെന്നും ഓഫിസുകളിൽ എയർകണ്ടീഷണർ വളരെ കുറച്ച് ഉപയോഗിച്ചാൽ മതിയെന്നും അങ്ങനെ ഊർജം ലാഭിക്കാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ നമുക്ക് വലിയ അളവിൽ ഊർജം ലാഭിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ടൈ ധരിക്കാതെ ഓഫിസിലെത്തണമെന്നും കർശന നിർദേശമുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ചുവടു പിടിച്ച് തിങ്കളാഴ്ച മുതൽ ഊർജസംരക്ഷണത്തിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയാണ് സർക്കാർ എന്നും പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സ്‍പെയിനിൽ ഓഫിസുകൾ എയർകണ്ടീഷൻ ചെയ്യുന്നത് കുറക്കാനുള്ള ശ്രമം നടക്കുകയാണ്. അതുപോലെ തണുപ്പു കാലത്ത് റേഡിയേറ്ററുകളുടെ ഉപയോഗവും കുറക്കും.

റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനായി പുനരുപയോഗ ഊർജ ഉ​പയോഗം വർധിപ്പിക്കുന്നതിന് യൂറോപ്യൻ കമ്മീഷൻ 210 ബില്യൺ യൂറോയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. 2022 ആഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ, കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ശരാശരി ഉപഭോഗത്തെ അപേക്ഷിച്ച് വാതക ഉപയോഗം 15 ശതമാനം കുറയ്ക്കാൻ 27 യൂറോപ്യൻ രാജ്യങ്ങളും സമ്മതിച്ചതായും യൂറോപ്യൻ കൗൺസിൽ അറിയിച്ചു.

Tags:    
News Summary - Why This Country's PM Urged Ministers, Officials To Stop Wearing Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.