ആണവായുധ നയത്തിൽ മാറ്റം വരുത്തി പുടിൻ; റഷ്യയുടെ പ്രത്യാക്രമണത്തിൽ കരുതലോടെ യുറോപ്പും യു.എസും

മോസ്കോ: ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പിൽ ആശങ്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നൽകിയതോടെയാണ് യുറോപ്പ് കനത്ത ജാഗ്രത പുലർത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.

യു.എസ് നിർമിത ദീർഘദൂര മിസൈലുകൾ റഷ്യയിൽ ഉപയോഗിക്കാൻ ബൈഡൻ അനുമതി നൽകിയതോടെയാണ് പുതിയ യുദ്ധമുഖം തുറന്നത്. ഇതിന് പിന്നാലെ ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് വ്ലാഡമിർ പുടിൻ അറിയിച്ചിരുന്നു. ആണവായുധ രാജ്യങ്ങൾ പിന്തുണക്കുന്ന ആണവായുധശേഷിയില്ലാത്ത രാജ്യങ്ങൾക്കെതിരെയും ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുമെന്നാണ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

യുറോപ്പിൽ മാത്രമല്ല മിഡിൽ ഈസ്റ്റിലും ഇ​ൻഡോ-പസഫിക് മേഖലയിൽ റഷ്യൻ ആക്രമണത്തിന്റെ അനുരണനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്​പെയിൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

റഷ്യ തുറക്കാൻ സാധ്യതയുള്ള ഹൈബ്രിഡ് യുദ്ധമുഖത്തെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്. നേരത്തെ റഷ്യ ഫൈബർ ഒപ്ടിക് ശൃംഖലയിൽ ആക്രമണം നടത്തിയത് പോലുള്ള സംഭവങ്ങൾ തുടർന്നും ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - US and Europe fear escalation of Russian hybrid warfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.