പട്ടയത്തിന് കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

തുവ്വൂർ (മലപ്പുറം): പട്ടയം ശരിയാക്കാൻ അര ലക്ഷം രൂപ ആവശ്യപ്പെട്ട വില്ലേജ് ഓഫിസർ വിജിലൻസൊരുക്കിയ വലയിൽ കുരുങ്ങി. തുവ്വൂർ വില്ലേജ് ഓഫിസർ കെ. സുനിൽ രാജിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 20,000 രൂപയും പിടിച്ചെടുത്തു. നീലാഞ്ചേരിയിലെ തെച്ചിയോടൻ ജമീലയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.

ഭൂമിയുടെ പട്ടയം ലഭിക്കാൻ മാസങ്ങളായി ജമീല വില്ലേജ് ഓഫിസ് കയറിയിറങ്ങുകയായിരുന്നു. 52,000 രൂപ നൽകിയാൽ പട്ടയം ശരിയാക്കാമെന്നായിരുന്നു സുനിൽരാജിന്റെ നിലപാട്. സ്വന്തമായി വീടുപോലുമില്ലാത്ത ജമീല പച്ചക്കറികൃഷി ചെയ്താണ് നിത്യവൃത്തി കണ്ടെത്തിയിരുന്നത്. വൻ തുക കേട്ട് അമ്പരന്ന ഇവർ തുക കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വില്ലേജ് ഓഫിസർ വഴങ്ങിയില്ല.

ഗ്രാമപഞ്ചായത്ത് അംഗമുൾപ്പെടെ ചിലർ ഇടപെട്ടതോടെ 20,000 രൂപ കുറച്ച് നൽകി. ഇതിൽ 10,000 രൂപ ഇടനിലക്കാരന്റെ കൈവശം നൽകിയതായും ജമീല പറയുന്നു. ചിലരിൽനിന്ന് കടം വാങ്ങിയാണ് ബാക്കി 20,000 രൂപയുമായി ഇവർ വ്യാഴാഴ്ച വില്ലേജ് ഓഫിസിലെത്തിയത്. വിവരമറിഞ്ഞ് വിജിലൻസ് സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർമാരായ ശശീന്ദ്രൻ മേലയിൽ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐമാരായ ശ്രീനിവാസൻ, മോഹനകൃഷ്ണൻ, മധുസൂദനൻ, എ.എസ്.ഐ രത്നകുമാരി, എസ്.സി.പി.ഒമാരായ വിജയകുമാർ, ഷൈജു, രാജീവ്, മറ്റ് ഉദ്യോഗസ്ഥരായ സുബിൻ, ശ്യാമ, ശിഹാബ്, സുനിൽ, അഭിജിത്ത് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Bribe for Dead: Vigilance arrest Village Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.