മേപ്പാടി (വയനാട്): പള്ളികളിൽ മരിച്ചവരെ കാത്ത് നിരനിരയായി ഖബറുകൾ. ആഗ്രഹങ്ങളും സ്വപ്നങ്ങളും പേറി ഒടുവിൽ ഒറ്റരാത്രി വെളുക്കുമ്പോഴേക്കും മൃതശരീരമായി മാറിയവരെ നിശബ്ദമായി ഏറ്റുവാങ്ങുകയാണ് അവ. ഉറ്റവരും ഉടയവരുമില്ലാത്ത മൃതദേഹങ്ങൾപോലും അനാഥമാവുന്നില്ല ഇവിടെ. അന്ത്യകർമങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് വയനാട്ടിലെ വിവിധ പള്ളികൾ. ദുരന്തമുണ്ടായയുടൻ ഭക്ഷണമടക്കം എല്ലാ സജ്ജീകരണവുമൊരുക്കിയിരുന്നു മേപ്പാടി ടൗണിലെ വലിയ ജുമാമസ്ജിദ്. മൃതദേഹങ്ങൾ കുളിപ്പിക്കാനും മറ്റുമായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് പള്ളിയിലെത്തിയത്. കുളിപ്പിക്കുന്നവ ഉറ്റവർക്ക് കാണാനും പ്രത്യേക സൗകര്യമൊരുക്കി. സ്ത്രീകളുടേത് കുളിപ്പിക്കാൻ വനിതകളുമുണ്ട്. ബന്ധുക്കൾക്കും മറ്റും ഭക്ഷണവും വെള്ളവും ഒരുക്കിയിട്ടുണ്ട്. 200ഓളം പേരാണ് പള്ളിയുടെ തൊട്ടടുത്തുതന്നെയുള്ള ഖബർസ്ഥാനിൽ ഖബറുകൾ കുഴിക്കാനുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് എല്ലാറ്റിലും സജീവമായുള്ളത്. നിരനിരയായി നിരവധി ഖബറുകളാണ് കുഴിച്ചുവെക്കുന്നത്. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയവ പെട്ടെന്ന് തന്നെ ഇവിടെ എത്തിച്ച് മറവുചെയ്യുന്നു. മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനാണെങ്കിൽ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച അടുത്തുള്ള ക്രിസ്ത്യൻപള്ളി ഭാരവാഹികളടക്കം ടൗൺ പള്ളി സന്ദർശിച്ചു.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ 26 മയ്യിത്തുകളാണ് മറവുചെയ്തത്. ചെമ്പോത്തറ, നെല്ലിമുണ്ട, കാപ്പംകൊല്ലി മസ്ജിദുകളും വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെമ്പോത്തറ പള്ളിയിൽ കുടുംബത്തിലെ എട്ടുപേരുടെ മൃതദേഹങ്ങൾ അടുത്തടുത്തായി മറവുചെയ്തത് നൊമ്പരക്കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.