കൊച്ചി: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ യു.എ.ഇയിൽനിന്ന് എത്തുന്നത് 50 കായികപ്രതിഭകൾ. സംസ്ഥാന കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് പ്രവാസി വിദ്യാർഥികൾ പങ്കെടുക്കുന്നത്. യു.എ.ഇയിലെ കേരള സിലബസ് പിന്തുടരുന്ന ആറ് സ്കൂളിൽനിന്നുള്ള മത്സരാർഥികളാണ് എത്തുന്നത്. എല്ലാവരും ആൺകുട്ടികളാണ്.
ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ (നിംസ്), നിംസ് ഷാർജ, ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ, ഗൾഫ് മോഡൽ സ്കൂൾ ദുബൈ, ഗൾഫ് മോഡൽ സ്കൂൾ അബൂദബി എന്നിവിടങ്ങളിൽനിന്നാണ് കൊച്ചിയിൽ വിവിധ കായികയിനങ്ങളിൽ മാറ്റുരക്കാൻ വിദ്യാർഥികളെത്തുക.
ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ, അത്ലറ്റിക്സ് എന്നിവയിൽ 14 ജില്ലയെക്കൂടാതെ 15ാമത് ടീമായി ഇവർ മത്സരിക്കും. സീനിയർ വിഭാഗത്തിലാണ് മത്സരങ്ങളെല്ലാം. ഗൾഫ് മേഖലയിലുള്ള സെലക്ഷൻ പ്രക്രിയ പൂർത്തിയാക്കിയാണ് ഇവർ വിമാനം കയറുന്നത്. വിദ്യാർഥികൾക്കൊപ്പം അഞ്ച് അധ്യാപകരുമെത്തും. ഗൾഫ് വിദ്യാർഥികൾ ഒന്നാമതെത്തുന്ന ഇനങ്ങളിൽ ഇവർ തന്നെയാണ് ദേശീയമത്സരങ്ങളിലും പങ്കെടുക്കുക. അടുത്ത വർഷം മുതൽ കൂടുതൽപേരെ കൂടുതൽ ഇനങ്ങളിൽ പങ്കെടുപ്പിച്ച് വിപുലീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
കായികമേള ഉദ്ഘാടനദിനമായ നവംബർ നാലിന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിലായിരിക്കും വിദേശത്തുനിന്നുള്ള ആദ്യ കായിക സംഘമെത്തുക. ഇതിൽ 26 വിദ്യാർഥികളും രണ്ട് അധ്യാപകരുമുണ്ടാവും. അന്നേദിവസം തന്നെയെത്തുന്ന എയർ അറേബ്യയിൽ 19 മത്സരാർഥികളും രണ്ട് അധ്യാപകരുമെത്തും. അവശേഷിക്കുന്ന അഞ്ചു മത്സരാർഥികളും അധ്യാപകനും അടുത്തദിവസം എയർ ഇന്ത്യ എക്സ്പ്രസിലും കൊച്ചിയിലെത്തും.
കായികമേളയിൽ പങ്കെടുക്കുന്ന പ്രവാസി താരങ്ങളുടെ ഏകോപനത്തിന് മൂന്ന് അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കോഓഡിനേറ്ററും തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ അധ്യാപകനുമായ ഷിബു ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.