സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ സംവിധാനങ്ങളൊരുങ്ങുന്നുവെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി മന്ത്രി വീണ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്.

ആദ്യഘട്ടമായി ഇ ഹെല്‍ത്ത് ഇല്ലാത്ത 80 ആശുപത്രികളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കും. മുന്‍കൂറായി ടോക്കണ്‍ എടുക്കുന്നതിനോടൊപ്പം ആശുപത്രിയില്‍ ഒ.പി. ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയും നടപ്പിലാക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പ് കൂടി ഇ ഹേല്‍ത്ത് സജ്ജമാക്കി വരുന്നു. ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ഹെല്‍ത്ത് റെക്കോര്‍ഡ്, ലാബ് റിപ്പോര്‍ട്ട്, ഫാര്‍മസി റിപ്പോര്‍ട്ട് എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ രോഗിക്ക് കാണാന്‍ സാധിക്കും. ഈ മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയും ഈ സേവനങ്ങള്‍ ലഭ്യമാകുമെന്നും വീണ ജോർജ് അറിയിച്ചു. 

Tags:    
News Summary - Veena George said systems are being prepared for digital payment in government hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.