ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാൻസ് കമ്പനിയായ എച്ച്.ഡി.എഫ്.സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്.ഡി.എഫ്.സിയിൽ ലയിപ്പിക്കുന്നു. റിസർവ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലയനം. എച്ച്.ഡി.എഫ്.സി ഇൻവെസ്റ്റ്മെന്റ്, എച്ച്.ഡി.എഫ്.സി ഹോൾഡിങ്സ് എന്നിവ എച്ച്.ഡി.എഫ്.സിയുമായും എച്ച്.ഡി.എഫ്.സിയെ എച്ച്.ഡി.എഫ്.സി ബാങ്കിലേക്കും ലയിപ്പിക്കാൻ ബോർഡ് അംഗീകാരം നൽകിയതായി എച്ച്.ഡി.എഫ്.സി ബാങ്ക് തിങ്കളാഴ്ച അറിയിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഷെയറുകൾ എച്ച്.ഡി.എഫ്.സിയുടെ 25 ഷെയറുകൾക്കു തുല്യമെന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ പറയുന്നു. ലയനത്തിന് ശേഷം എച്ച്.ഡി.എഫ്.സി ബാങ്ക് 100 ശതമാനം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും, എച്ച്.ഡി.എഫ്.സിയുടെ നിലവിലെ ഓഹരിയുടമകൾക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകും.സ്വതന്ത്ര ഡയറക്ടർമാരുടെ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലയനം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.ഇതോടെ ബാങ്കിന്റെ ഓഹരി വില 7.50 ശതമാനം ഉയർന്ന് 1619.20 രൂപയിലെത്തി. വിപണി മൂല്യം 8,97,933.99 കോടി രൂപയായി. എച്ച്.ഡി.എഫ്.സി 9.27 ശതമാനം ഉയർന്ന് 2678.20 രൂപയിലെത്തി. മൂല്യം 4,85,564.27 കോടി രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.