ഹൈദരാബാദി മട്ടൺ ബിരിയാണി, ലാച്ചാ പൊറോട്ട, ചില്ലി ചിക്കൻ എല്ലാം ഇനി ചൂടോടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ

കൊച്ചി: പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വലിയ മാറ്റത്തിന്റെ പാതയിലാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ വിമാനങ്ങളിൽ വിളമ്പിതുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലയിക്കാൻ തയാറെടുക്കുന്ന എയർ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സർവിസുകളിലും ഇതേ മെനു അനുസരിച്ചുളള വിഭവങ്ങളാണ്.

രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയാറാക്കിയ രണ്ട് സിഗ്നേച്ചർ വിഭവങ്ങളുൾപ്പടെ 19 വിഭവങ്ങളാണ് ഗൊർമേറിന്റെ ആകർഷണം. ഹൈദരാബാദി മട്ടൺ ബിരിയാണി, അവധി ചിക്കൻ ബിരിയാണി, തേങ്ങച്ചോറിൽ തയാറാക്കിയ വീഗൻ മൊയ്ലി കറി, മിനി ഇഡലി, മേദു വട തുടങ്ങി തദ്ദേശിയ വിഭവങ്ങളും ഉത്തരേന്ത്യൻ വിഭവങ്ങളും ഫ്യൂഷൻ വിഭവങ്ങളും എല്ലാം ചേർന്നതാണ് പുതിയ പ്രീ ബുക്ക് മെനു. താജ് ഹോട്ടൽ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്സ്, കസിനോ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വൻകിട ഫ്ളൈറ്റ് കിച്ചണുകളേയും ദുബൈ, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളേയുമാണ് വിഭവങ്ങൾ തയാറാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ഉദയസമുദ്രയിൽ നിന്നാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. കൊച്ചിയിൽ ലുലു ഫ്ളൈറ്റ് കിച്ചൺ. കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പാണ് വിഭവങ്ങൾ ഒരുക്കുക. ഈ നാല് വിമാനത്താവളങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ നടത്തുന്നതും എയർ ഇന്ത്യ എക്സ്പ്രസ്സ് തന്നെ. ആഴ്ചയിൽ 350ൽ അധികം നേരിട്ടുളള വിമാന സർവ്വീസുകളാണ് കേരളത്തിൽ നിന്ന് ഗൾഫിലേക്കും തിരിച്ചുമായി എയർ ഇന്ത്യ എക്സ്പ്രസ്സിനുളളത്.

ഗൾഫിലേക്കും സിംഗപ്പൂരിലേക്കും യാത്രചെയ്യുന്നവർക്ക് യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ airindiaexpress.com സന്ദർശിച്ച് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാം. ആഭ്യന്തര സർവിസുകളിൽ 12 മണിക്കൂർ മുമ്പ് വരെ ഭക്ഷണം ബുക്ക് ചെയ്യാം. ഓരോരുത്തരും ഓർഡർ ചെയ്ത വിഭവം ചൂടോടെ വിമാനത്തിൽ വിളമ്പും. ഇത് കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് വിമാനത്തിൽനിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്ന മുപ്പതോളം ഭക്ഷണ പാനീയങ്ങളുമുണ്ട് പുതുക്കിയ മെനുവിൽ.

വിമാനഭക്ഷണത്തിന്റെ കാര്യത്തിൽ പുതിയ ഒരു നിലവാരം സൃഷ്ടിക്കാനാണ് ഗൊർമേറിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടറായ അലോക് സിങ് പറഞ്ഞു. നേരത്തെ എയർ ഏഷ്യ വിമാനങ്ങളിൽ ഗുർമേറിലെ വിഭവങ്ങൾ വിളമ്പിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേ വിഭവങ്ങളും കൂടുതൽ മെച്ചപ്പെടുത്തിയ വിഭവങ്ങളും എയർ ഇന്ത്യ എക്സ്പ്രസ്സിലും ലഭ്യമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ അഞ്ച് വരെയുളള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പ്രാരംഭ ആനുകൂല്യമായി 50 ശതമാനം വിലക്കുറവിൽ ഗൊർമേർ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്ന് നേരിട്ട് വാങ്ങാവുന്ന വിഭവങ്ങൾക്കും ജൂലൈ അഞ്ച് വരെ പകുതി വിലനൽകിയാൽ മതിയാകും.

Tags:    
News Summary - Air India Express revamped menu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.