മുംബൈ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുയർത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് തുടർച്ചയായി മൂന്നാം വട്ടവും നിരക്കുയർത്താൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ.
25-35 (0.25 ശതമാനം-0.35 ശതമാനം) ബേസിസ് പോയന്റ് വർധനക്കാണ് സാധ്യത. ഉയർന്നുനിൽക്കുന്ന ചില്ലറ വില പണപ്പെരുപ്പവും നിരക്കുയർത്തലിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. ഈ മാസം മൂന്നു മുതൽ മൂന്ന് ദിവസമാണ് ആർ.ബി.ഐയുടെ ദ്വൈമാസ പണനയ സമിതി യോഗംചേരുന്നത്. മൂന്നാം ദിവസം അവലോകന റിപ്പോർട്ട് പുറത്തുവിടും. പണപ്പെരുപ്പം ആറ് ശതമാനത്തിലേറെ ആറ് മാസത്തോളം തുടർന്നത് കണക്കിലെടുത്ത് ഈ വർഷം മേയിലും ജൂണിലും യഥാക്രമം 40, 50 ബേസിസ് പോയന്റ് വർധന വരുത്തിയിരുന്നു. നിലവിലെ റിപോ നിരക്ക് 4.9 ശതമാനമാണ്. കോവിഡ് കാലത്തിന് മുമ്പ് ഇത് 5.15 ശതമാനമായിരുന്നു.
ഈ നിരക്കിലേക്ക് പലിശ ഉയർത്തുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. പിന്നീട് വീണ്ടും ഉയർത്താനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. ബോഫ ഗ്ലോബൽ റിസർച്, ബാങ്ക് ഓഫ് ബറോഡ എന്നിവരുടെ ഗവേഷണ റിപ്പോർട്ടുകളും ഹൗസിങ് ഡോട്ട് കോം സി.ഇ.ഒ ധ്രുവ് അഗർവാല, ഡി.ബി.എസ് ഗ്രൂപ്പിലെ മുതിർന്ന സാമ്പത്തിക വിദഗ്ധ രാധിക റാവു തുടങ്ങിയവരും നിരക്കുവർധന പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.