ന്യൂഡൽഹി: പാചകവാതകവില അടിക്കടി ഉയർത്തുന്നത് പെട്രോൾ, ഡീസൽ വിലവർധനയിൽ നട്ടംതിരിയുന്ന ജനത്തിന് ഇരുട്ടടിയാകുന്നു. ഇന്ന് 25 രൂപ കൂടി കൂട്ടിയതോടെ മൂന്നുമാസത്തിനിടെ 225 രൂപയാണ് ഗാർഹിക പാചകവാതകത്തിന് വർധിപ്പിച്ചത്.
ഡിസംബർ ഒന്നിനും 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി ആദ്യം 25 രൂപ വർധിപ്പിച്ചതിന് ശേഷം 14ന് 50 രൂപയും 25ന് 25 രൂപയും വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ മാത്രം 100 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഇതിന് പുറമെയാണ് ഇന്ന് 25 രൂപ കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 826 രൂപയായി.
അതേസമയം, വാണിജ്യ സിലിണ്ടറിനും അമിതനിരക്കിലാണ് വില ഉയരുന്നത്. 19 കിലോ സിലിണ്ടറിന് നൂറുരൂപയാണ് ഇന്ന് വർധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. ഫെബ്രുവരി ഒന്നിന് 191 രൂപയും ജനുവരി ആദ്യം 17 രൂപയും വർധിപ്പിച്ചിരുന്നു. ഡിസംബറിലും രണ്ടുതവണ വാണിജ്യ സിലിണ്ടറിെൻറ വില കൂട്ടിയിരുന്നു.
വാണിജ്യ സിലിണ്ടറിൻെറ വില കുതിച്ചുയരുന്നത് ഹോട്ടലുകളെയും പലഹാര നിർമാണ യൂനിറ്റുകളെയും ചെറുകിട, വൻകിട വ്യവസായ സംരംഭങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇത് അവശ്യസാധനങ്ങളുടെ വിലവർധനക്കും കാരണമാക്കും.
അതിനിടെ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്സിഡി ഒരുവർഷത്തിലേറെയായി നിലച്ച മട്ടാണ്. 2019 ജൂണിൽ സബ്സിഡിയുള്ള എൽ.പി.ജി സിലിണ്ടറിെൻറ വില 497 രൂപയായിരുന്നു. 147 രൂപ സബ്സിഡിയായി ഉപഭോക്താകൾക്ക് നൽകുകയും ചെയ്തിരുന്നു. സബ്സിഡി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ശേഷം തുടക്കത്തിൽ ഏതാനും മാസങ്ങൾ കൃത്യമായി അക്കൗണ്ടിൽ വന്നിരുന്നുവെങ്കിലും പിന്നീട് അതേക്കുറിച്ച് മിണ്ടാട്ടമില്ല. കഴിഞ്ഞ ദിവസം ഗോ ഇലക്ട്രിക് കാമ്പയിൻ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സബ്സിഡി നിർത്തുന്നത് സംബന്ധിച്ച സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.