സ്വർണത്തിന് എച്ച്.യു.ഐ.ഡി: ഉത്തരവുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വിപണി

കൊച്ചി: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി (ഹാൾമാർക്ക് യുനീക് ഐഡന്റിഫിക്കേഷൻ) നിർബന്ധമാക്കുന്നത് മൂന്ന് മാസം വരെ നീട്ടിയ സർക്കാറിന്‍റെയും ഹൈകോടതിയുടെയും ഉത്തരവുകളെ രണ്ടുതരത്തിൽ വ്യാഖ്യാനിച്ച് സ്വർണ വിപണി. കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം മൂന്ന് മാസത്തേക്ക് നീട്ടി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2021ൽ സ്റ്റോക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്ക് മാത്രമാണ് നീട്ടിയതിന്‍റെ ആനുകൂല്യം ലഭിക്കൂ.

ബാക്കിയുള്ളവർക്കെല്ലാം ഏപ്രിൽ ഒന്ന് മുതൽ തന്നെ എച്ച്.യു.ഐ.ഡി നിർബന്ധമാണ്. എന്നാൽ, കോടതി ഉത്തരവ് എല്ലാ ജ്വല്ലറികൾക്കും ബാധകമാക്കിയുള്ളതാണെന്ന വ്യാഖ്യാനമാണ് ഒരു വിഭാഗം വ്യാപാരികൾ നൽകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കായി വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജ്വല്ലറി ഉടമകൾ. ഇത് സംബന്ധിച്ച് ഹരജി നൽകാൻ നിയമോപദേശം ലഭിച്ചതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ട്രഷററും ഹരജിക്കാരിൽ ഒരാളുമായ അബ്ദുൽ നാസർ പറഞ്ഞു.

സർക്കാർ ഉത്തരവ് പ്രകാരം 16,243 ജ്വല്ലറികൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂവെന്നും എല്ലാ വ്യാപാരികൾക്കും ഗുണം കിട്ടണമെന്നും ഹരജിക്കാർ വാദമുന്നയിച്ചെങ്കിലും വ്യക്തമായ ഉത്തരവാണ് സർക്കാറിന്‍റേതെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്നാണ് ഹരജികൾ തീർപ്പാക്കിയത്. മതിയായ സമയം ഹരജിക്കാർക്ക് അനുവദിച്ചിട്ടുണ്ടെന്ന വിലയിരുത്തലും നടത്തി. സർക്കാർ ഉത്തരവിന് അനുസൃതമായി ഹരജി തീർപ്പാക്കുന്നുവെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

സർക്കാർ ഉത്തരവിൽ നിശ്ചിത പേർക്ക് മാത്രം നീട്ടലിന്‍റെ ആനുകൂല്യം പറയുമ്പോൾ ഇതിന്‍റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച കോടതി വിധിയും ഇത്രയും പേർക്ക് മാത്രമേ ബാധകമാവൂവെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, സംസ്ഥാനത്തെ എല്ലാ സ്വർണ വ്യാപാരികളും കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ഹരജി നൽകിയതെന്നിരിക്കെ അത് അനുവദിച്ച ഉത്തരവ് എല്ലാവർക്കും ബാധകമാണെന്നാണ് മറുവാദം. വസ്തുതാപരവും നിയമപരവുമായ അവ്യക്തതകൾക്ക് കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്ന ഉത്തരവിലെ പരാമർശത്തിന്‍റെ കൂടി വെളിച്ചത്തിലാണ് വീണ്ടും ഹരജി നൽകാനൊരുങ്ങുന്നത്. ഒന്നര ലക്ഷത്തോളം ജ്വല്ലറികൾ രാജ്യത്ത് പ്രവർത്തിക്കുന്നതായാണ് കണക്ക്.

എച്ച്.യു.ഐ.ഡി എന്ത്

ആറക്ക ആൽഫ ന്യൂമെറിക് കോഡാണ് എച്ച്.യു.ഐ.ഡി (ഹാൾ മാർക്കിങ് യുനീക് ഐഡന്‍റിഫിക്കേഷൻ). ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുന്ന തിരിച്ചറിയൽ നമ്പറാണിത്. നാല് മുദ്രകളുള്ള നിലവിലെ ഹാൾ മാർക്കിങ് മാറ്റി ആറക്ക എച്ച്.യു.ഐ.ഡി പതിക്കാനാണ് സർക്കാറിന്‍റെ നിർദേശം. ബി.ഐ.എസ് ലോഗോ, പരിശുദ്ധി, ജ്വല്ലറിയെയും ഹാൾ മാർക്കിങ് സ്ഥാപനത്തെയും സൂചിപ്പിക്കുന്ന അക്ഷരങ്ങൾ എന്നിവയാണ് ആഭരണങ്ങളിലുള്ള നാലക്ക ഹാൾമാർക്കിങ് മുദ്ര. ബി.ഐ.എസ് ലോഗോ, കാരറ്റ്, ആൽഫ ന്യൂമെറിക് നമ്പർ എന്നീ മുദ്രകൾ മാത്രമാകും എച്ച്.യു.ഐ.ഡി പതിപ്പിച്ച ആഭരണങ്ങളിലുണ്ടാവുക. ഈ രണ്ട് മുദ്രയുള്ള ആഭരണങ്ങളും നിലവിൽ വിപണിയിലുണ്ട്. എന്നാൽ, ഏപ്രിൽ ഒന്ന് മുതൽ എച്ച്.യു.ഐ.ഡി പതിപ്പിച്ച ആഭരണങ്ങൾ മാത്രമേ പാടുള്ളൂവെന്നാണ് ഉത്തരവ്.

Tags:    
News Summary - HUID for Gold: Market Pros and Cons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.