അൽഖോബാർ: സൗദി അറേബ്യയിലെ എണ്ണേതര വരുമാനം ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിലയിൽ. 2023-ൽ ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) പെട്രോളിയം ഇതര മേഖലകളുടെ പങ്കാളിത്തം 50 ശതമാനമായി ഉയർന്നു.
സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിെൻറ വിശകലനത്തെ അടിസ്ഥാനമാക്കി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. നിക്ഷേപം, ഉപഭോഗം, കയറ്റുമതി എന്നിവയിലെ തുടർച്ചയായ വളർച്ച എണ്ണേതര സമ്പദ്വ്യവസ്ഥയുടെ മൊത്തം മൂല്യം 1.7 ലക്ഷം കോടി റിയാലിലേക്ക് എത്തിച്ചിട്ടുണ്ട്.
എണ്ണേതര പ്രവർത്തനങ്ങളുടെ ഈ ചരിത്രപരമായ അഭിവൃദ്ധിക്ക് കാരണമായത് കഴിഞ്ഞ രണ്ട് വർഷമായി കുതിച്ചുയരുന്ന അഭൂതപൂർവമായ സർക്കാറിതര നിക്ഷേപങ്ങളാണ്. സ്വകാര്യമേഖലയിൽനിന്നുള്ള നിക്ഷേപങ്ങളുടെ മൂല്യം കഴിഞ്ഞവർഷം 959 ശതകോടി റിയാൽ എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി.
2021, 2022 വർഷങ്ങളിൽ 106 ശതമാനം അസാധാരണമായ വളർച്ച കൈവരിച്ച മേഖലകളിൽ കലാ-വിനോദ പ്രവർത്തനങ്ങൾ മുൻനിരയിൽ എത്തി. താമസം, ഭക്ഷണം, ഗതാഗതം, സംഭരണ സേവനങ്ങൾ തുടങ്ങിയ മറ്റ് മേഖലകളിൽ 77 ശതമാനം മുതൽ 29 ശതമാനം വളരെ ശക്തമായ വളർച്ച രേഖപ്പെടുത്തി.ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ സാമൂഹിക സേവന മേഖലകളിൽ 10.8 ശതമാനം വളർച്ച രേഖപ്പെടുത്തി.
തുടർന്ന് ഗതാഗതവും ആശയവിനിമയവും 2023-ൽ എണ്ണേതര പ്രവർത്തനങ്ങളിലെ വളർച്ചയുടെ കാര്യത്തിൽ 7.3 ശതമാനമായിരുന്നു. വിവിധ വ്യാപാരങ്ങൾ, റസ്റ്റാറൻറുകൾ, ഹോട്ടലുകൾ എന്നീ രംഗങ്ങളിൽ ഏഴ് ശതമാനവും വളർച്ചയുണ്ടായി. സൗദിയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് ഒരുക്കുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും മേഖലയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ചരിത്രപരമായ വളർച്ചനിരക്കാണ് രേഖപ്പെടുത്തിയത്.
ഇത് വിനോദസഞ്ചാരത്തിനും വിനോദത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമായി രാജ്യം മാറിയതിെൻറ വ്യക്തമായ സൂചനയായി. വളർച്ച രീതികൾ വൈവിധ്യവത്കരിച്ച് സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുക എന്ന സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ വർധന. വളർച്ചനിരക്ക് വർധിപ്പിക്കുന്നതിന് കാരണമാകുന്ന പുതിയ മേഖലകൾ തുറന്ന് വിഷൻ പ്രോഗ്രാമുകളും പ്രധാന പദ്ധതികളും നടപ്പാക്കുന്നതിൽ രാജ്യം വിജയിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.