വായ്പാതട്ടിപ്പ്: ബാങ്കുകളുടെ നഷ്ടം 92,570 കോടി; കുടിശ്ശികക്കാരിൽ ഒന്നാമത് മെഹുൽ ചോക്സി

ന്യൂഡൽഹി: വ്യക്തികളും സ്ഥാപനങ്ങളും ശതകോടികൾ വായ്പയെടുത്തു തിരിച്ചടക്കാത്തതു മൂലം രാജ്യത്തെ ബാങ്കുകൾക്കുണ്ടായത് 92,570 കോടി രൂപയുടെ നഷ്ടം. ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചത്.

വിവാദ ഡയമണ്ട് വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശ്ശികക്കാരുടെ പട്ടികയിൽ ഒന്നാമത്. 7,848 കോടിയാണ് കുടിശ്ശിക. ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്. റിസർവ് ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണു പട്ടിക തയാറാക്കിയതെന്ന് എഴുതിത്തയാറാക്കിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ് വ്യക്തമാക്കി.

ഇറ ഇൻഫ്ര (5,879 കോടി), റെയ്ഗോ അഗ്രോ (4,803 കോടി) എന്നിവയാണു പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി), എബിജി ഷ്പ്‌യാർഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റർനാഷനൽ (3,311 കോടി), വിൻഡ്‌സം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി), കോസ്റ്റൽ പ്രൊജക്ട്സ് (2,311 കോടി), സൂം ഡവലപ്പേഴ്സ് (2,147 കോടി) എന്നീ സ്ഥാപനങ്ങളും പട്ടികയിൽ മുന്നിലുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻ.പി.എ) 5.41 ലക്ഷം കോടി രൂപയായി കുറഞ്ഞു. ബാങ്കുകൾ 10.1 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ് ഈ പട്ടികയിൽ മുന്നിൽ. രണ്ടു ലക്ഷം കോടിയുടെ വായ്പയാണ് ബാങ്ക് എഴുതിത്തള്ളിയത്.

പഞ്ചാബ് നാഷനൽ ബാങ്ക് 67,214 കോടിയും ഐ.സി.ഐ.സി.ഐ 50,514 കോടി, എച്ച്.ഡി.എഫ്.സി 34,782 കോടിയും എഴുതിത്തള്ളി.

Tags:    
News Summary - Top 50 Wilful Defaulters Owe ₹ 92,570 Crore To Banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.