ദുബൈ: സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്ന സാഹചര്യത്തിൽ ദിർഹവും രൂപയും ഉപയോഗിച്ചുള്ള ഇടപാടുകൾ പ്രാവർത്തികമാക്കാനുറച്ച് ഇന്ത്യയും യു.എ.ഇയും. മുംബൈയിൽ സമാപിച്ച നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ ഉന്നതതല ടാസ്ക്ഫോഴ്സ് യോഗത്തിലാണ് ധാരണ. ഡോളറിന് പകരം ഇരുരാജ്യങ്ങളുടെയും കറൻസികൾ സജീവമാക്കാനാണ് തീരുമാനം. ഇരു രാജ്യങ്ങളിലെയും ബാങ്കുകൾക്കിടയിൽ ഇതുസംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്.
സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നതോടെ കയറ്റിറക്കുമതിയിൽ ഇരു രാജ്യങ്ങൾക്കും വൻമുന്നേറ്റം പ്രകടമാണ്. നടപ്പുവർഷം തന്നെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. അതത് രാജ്യങ്ങളുടെ കറൻസികളിലൂടെ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്കും തമ്മിൽ ഇതുസംബന്ധിച്ച ചർച്ച അന്തിമ ഘട്ടത്തിലാണ്. യു.എ.ഇ കമ്പനികൾ ഇന്ത്യയിൽ നേരിടുന്ന ഏതൊരു പ്രശ്നവും സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിനു രൂപം നൽകും. സമാന സ്വഭാവത്തിൽ ഇന്ത്യൻ കമ്പനികൾക്കായി യു.എ.ഇയിലും സംവിധാനം കാണും. കയറ്റിറക്കുമതിയിൽ രൂപപ്പെട്ട പുതിയ ഉണർവ് ആഹ്ലാദകരമാണെന്ന് ഇരുപക്ഷവും വിലയിരുത്തി.
യു.എ.ഇ സർക്കാർ നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ നികുതി ഇളവ് വേണമെന്ന ആവശ്യം യു.എ.ഇ മുന്നോട്ടുവെച്ചു. ഇരു രാജ്യങ്ങളുടെയും നിയമങ്ങളും നയവും അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ ചർച്ച തുടരാൻ ധാരണയായി. പ്രത്യേക നികുതി ഇളവ് നിർദേശവും ചർച്ചയായി. ഭക്ഷ്യസുരക്ഷ, നിർമാണം, അടിസ്ഥാന സൗകര്യം, ഊർജം, സാങ്കേതികം എന്നീ തുറകളിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കാനും ഇന്ത്യയും യു.എ.ഇയും തീരുമാനിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്ന, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.