ന്യൂഡൽഹി: കോടികളുടെ വായ്പ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്കെതിരായ കേസിൽ സി.ബി.െഎ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും. മല്യക്ക് അനധികൃതമായി വായ്പ നൽകാൻ ഒത്താശ ചെയ്ത ചില മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാകുമെന്ന് സൂചനയുണ്ട്. വായ്പത്തുകയായ 6000 കോടിയധികം രൂപ തിരിച്ചുപിടിക്കാനായി എസ്.ബി.െഎയുടെ നേതൃത്വത്തിൽ 17 ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോർട്യം നല്കിയ കേസിലാണ് കുറ്റപത്രം തയാറാവുന്നത്.
കഴിഞ്ഞവർഷംതന്നെ പ്രമുഖ ബാങ്കായ െഎ.ഡി.ബി.െഎക്ക് പലിശയടക്കം 900 കോടി നൽകാനുള്ള കേസിൽ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. െഎ.ഡി.ബി.െഎയിൽ നിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിനുപുറമെയാണ് ബാങ്കുകളുടെ കൺസോർട്യം നൽകിയ പരാതിയിൽ മല്യക്കെതിരെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മല്യക്ക് പുറമെ കിങ്ഫിഷർ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ രഘുനാഥൻ അടക്കം കമ്പനിയുടെ ചില മുതിർന്ന എക്സിക്യൂട്ടിവുകളും കേസിൽ പ്രതികളാണ്. 2005നും 2010നും ഇടയിലെ കാലയളവിലാണ് വിവിധ ബാങ്കുകളിൽ നിന്നായി കിങ്ഫിഷർ കമ്പനി കോടികളുടെ വായ്പയെടുത്തത്.
എസ്.ബി.െഎ -1,600 കോടി, പി.എൻ.ബിയും െഎ.ഡി.ബി.െഎ ബാങ്കും 800 കോടി വീതം, ബാങ്ക് ഒാഫ് ഇന്ത്യ -650 കോടി, ബാങ്ക് ഒാഫ് ബറോഡ -550 കോടി, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ -410 കോടി എന്നിവക്ക് പുറമെ മറ്റ് ചില ബാങ്കുകളിൽനിന്നും കമ്പനി വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് മല്യ ലണ്ടനിലേക്ക് കടന്നതും ബാങ്കുകളുടെ കൺസോർട്യം പരാതിയുമായി രംഗത്തുവന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.