ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോർട്ട്. തിരിച്ചെത്താൻ തയാറെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈകോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. ഇതേതുടർന്ന് യു.കെ അധികാരികളുമായി സഹകരിച്ച് മല്യയുടെ പരമാവധി ആസ്തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസർക്കാർ ഓർഡിനൻസും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തിരിച്ചുവരാൻ തയാറെന്ന് മല്യ അറിയിച്ചത്.
ലോകവ്യാപകമായുള്ള മല്യയുടെ ആസ്തികളെല്ലാം മരവിപ്പിക്കുന്ന വിധിയായിരുന്നു യു.കെ എൻഫോഴ്സ്മെന്‍റ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ട്.
9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാതെ 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടർന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർട്യം നിയമനടപടികളുമായി മുന്നോട്ടുവരുകയും ബ്രിട്ടനിലെ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തെൻറ ആസ്തികൾ മരവിപ്പിച്ച ഇന്ത്യൻ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നൽകിയ ഹരജി ലണ്ടനിലെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.