ന്യൂഡൽഹി: ബഹുബ്രാൻഡ് ചില്ലറ വിൽപന മേഖലയിൽ പ്രത്യക്ഷ വിദേശനിക്ഷേപത്തിന് ഇളവ് കൊണ്ടുവരാൻ സർക്കാർ നീക്കം. വിദേശനിക്ഷേപം ആകർഷിക്കുന്നതിനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനുമാണിത്. എന്നാൽ, ഇന്ത്യയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് മാത്രമാണ് ഇളവുണ്ടാകുക.
നിലവിലെ പ്രത്യക്ഷ വിദേശനിക്ഷേപ നയം ഇന്ത്യൻ ചില്ലറ കമ്പനികളിൽ 51 ശതമാനം ഒാഹരികൾക്ക് അനുമതി നൽകുന്നുണ്ട്. എന്നാൽ, ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണപത്രികയിൽ എതിർത്തിരുന്നു. ഇതിനകം ബഹുബ്രാൻഡ് ചില്ലറ വിൽപന നയം പ്രകാരം ടെസ്കോ എന്ന വിദേശകമ്പനി മാത്രമാണ് ഇന്ത്യയിൽ സ്റ്റോറുകൾ തുറക്കാൻ അനുമതി നേടിയത്. മുൻ യു.പി.എ സർക്കാറാണ് അനുമതി നൽകിയത്. പ്രത്യക്ഷ വിദേശനിക്ഷേപനയം വിദേശവ്യാപാരികൾക്ക് ഇന്ത്യൻ വിപണിയിൽ അനുമതി ലഭിക്കാൻ നിരവധി നിബന്ധനകൾ മുന്നോട്ടുവെക്കുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭകരിൽനിന്ന് അസംസ്കൃത സാധനങ്ങൾ ശേഖരിക്കുക, അടിസ്ഥാന സൗകര്യ മേഖലയിൽ നിശ്ചിത ശതമാനം നിക്ഷേപം തുടങ്ങിയവയാണിത്. ഇവയും വിദേശനിക്ഷേപകർക്ക് തടസ്സമായിരുന്നു.
എന്നാൽ, ഇന്ത്യയിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ ചില്ലറ വിൽപന അനുവദിക്കുകയാണെങ്കിൽ ഇൗ നിബന്ധനകളൊന്നും പാലിക്കേണ്ടിവരില്ല. ഭക്ഷ്യ ഉൽപന്നങ്ങളുടെ ആഭ്യന്തര വ്യാപാരമേഖലയിൽ 100 ശതമാനം വിദേശനിക്ഷേപത്തിന് സർക്കാർ കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു. ഭക്ഷ്യേതര മേഖലയിലും പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.