ന്യൂഡൽഹി: അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരസ്ഥാപനങ്ങളുടെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചരക്കുസേവന നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയവരിൽനിന്ന് ഈടാക്കുന്ന പലിശ പകുതിയായി കുറച്ചു. 2020 സെപ്റ്റംബറോടെ റിട്ടേൺ സമർപ്പിക്കണമെന്ന നിബന്ധനയിൽ പലിശ 18ൽ നിന്ന് ഒമ്പതു ശതമാനമായാണ് കുറച്ചത്.
കൂടാതെ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ റിട്ടേൺ, പലിശയോ പിഴയോ കൂടാതെ അടക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2017 ജൂലൈ മുതൽ 2020 ജനുവരി വരെ കാലയളവിൽ ബാധ്യത ഒന്നും ഇല്ലാത്ത, രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് റിട്ടേൺ സമർപ്പണം വൈകിയതിന് പിഴ ഈടാക്കില്ല. മറ്റുള്ളവരിൽ മാസാന്ത സെയിൽസ് റിട്ടേൺ സമർപ്പിക്കാത്തവർക്ക്, 2017 ജൂലൈ മുതൽ 2020 ജനുവരി വരെ കാലയളവിലെ പിഴ പരമാവധി 500 രൂപയായി കുറച്ചുെവന്നും ജി.എസ്.ടി കൗൺസിൽ യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പാദരക്ഷ, രാസവളം, തുണി എന്നിവയുടെ നികുതി ഈടാക്കുന്നതിലുള്ള പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. പാൻ മസാലക്ക് നികുതി ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി മാത്രം ജൂലൈയിൽ പ്രത്യേക യോഗം വിളിക്കും.
ഇതിനിടെ, രണ്ടുമാസത്തെ ലോക്ഡൗൺ കാലത്തെ ജി.എസ്.ടി വരുമാനം പ്രസിദ്ധീകരിക്കാത്തതു സംബന്ധിച്ച ചോദ്യത്തിന്, പിരിച്ചെടുത്തത് എവിടെയാണെന്ന് സംസ്ഥാനങ്ങൾക്ക് അറിയാമെന്നും 45 ശതമാനമേ ഉള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത് എന്നും ധനമന്ത്രി വിശദീകരിച്ചു. സമർപ്പിക്കേണ്ട അവസാന തീയതി നീട്ടിയതിനാൽ അതിനുശേഷം മാത്രമേ യഥാർഥ ചിത്രം ലഭിക്കൂ എന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. ജി.എസ്.ടി വരുമാനം സംബന്ധിച്ച് സംസ്ഥാനങ്ങളെ അറിയിക്കാത്ത പ്രശ്നമില്ലെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.