ന്യൂഡൽഹി: 45 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ നിയന്ത്രണരേഖയിലുണ്ടായത്. ഇതേതുടർന്ന് ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം മുമ്പത്തേക്കാൾ ശക്തമാണ്. എന്നാൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ നിക്ഷേപമാണ് ചൈനീസ് കമ്പനികൾക്കുള്ളതെന്നത് യാഥാർഥ്യമാണ്.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് ചൈനയെ ലോകരാജ്യങ്ങൾ കൂടുതലായി ആശ്രയിച്ച് തുടങ്ങിയത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യുദ്ധം യു.എസിൻെറ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതും ചൈനയുടെ ഉയർച്ചക്ക് കാരണമായി. ഇന്ന് ഏതാണ്ട് എല്ലാ രാജ്യങ്ങൾക്കും ചൈനയുമായി വ്യാവസായിക ബന്ധങ്ങളുണ്ട്.
നേരിട്ടുള്ള വിദേശനിക്ഷേപം വഴി 2.34 ബില്യൺ ഡോളർ ചൈന ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ, മറ്റ് ചില കണക്കുകളിൽ നിക്ഷേപം 6 ബില്യൺ ഡോളർ വരെയാണെന്നും കണക്കാക്കുന്നു.
ചൈനീസ് വിനോദസഞ്ചാരികൾ വഴി പ്രതിവർഷം 5.5 കോടി മില്യൺ ഡോളറും ഇന്ത്യയിലെത്തുന്നുണ്ട്. ആലിബാബ, ഷവോമി, ടെൻസെൻറ്, ചൈന-യുറേഷ്യ ഇക്കണോമിക് കോർപ്പറേഷൻ ഫണ്ട്, ദിദി ചുസിങ്, ഷുൻവേ കാപ്പിറ്റൽ, ഫോസൺ കാപ്പിറ്റൽ തുടങ്ങിയ ചൈനീസ് സ്ഥാപനങ്ങൾക്കെല്ലാം ഇന്ത്യയിൽ നിക്ഷേപമുണ്ട്.
പേടിഎം, ഒല, സ്നാപ്ഡീൽ, സ്വിഗ്ഗി തുടങ്ങിയ കമ്പനികളെല്ലാം പ്രവർത്തിക്കുന്നത് ചൈനീസ് നിക്ഷേപത്തോടെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5.5 ബില്യൺ ഡോളർ ഇന്ത്യൻ സ്റ്റാർട്ട് അപ് കമ്പനികളിൽ ചൈന നിക്ഷേപിച്ചുവെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ചൈനയിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ രേഖപ്പെടുത്തിയ വർധന 23 ശതമാനമാണ്. പ്രതിവർഷം 4.5 ശതമാനം വർധനയുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ത്യ-ചൈന വ്യാപാരം വീണ്ടും ഉയർന്നത്.
ടെലികോം മേഖലയിൽ 5ജി കൂടി എത്തുന്നതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ചൈനീസ് സാന്നിധ്യം കൂടുതൽ ശക്തമാകും. അമേരിക്കയുടെ എതിർപ്പ് അവഗണിച്ചാണ് ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഇന്ത്യ 5ജി പരീക്ഷണത്തിന് അനുമതി നൽകിയത്. നിയന്ത്രണരേഖയിലെ സംഘർഷത്തെ തുടർന്ന് സമ്പദ്വ്യവസ്ഥയിലെ ചൈനീസ് സാന്നിധ്യം ഒഴിവാക്കുകയാണെങ്കിൽ അത് വലിയ പ്രത്യാഘാതമായിരിക്കും ഇന്ത്യയിൽ സൃഷ്ടിക്കുക.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.