കൊച്ചി: എല്ലാ നിയന്ത്രണരേഖയും കടന്ന് പെട്രോൾ, ഡീസൽവില മുകളിലേക്കുതന്നെ. ഒാരോ ദിവസവും പത്ത് മുതൽ 50 പൈസ വരെ കൂടിയിട്ടും ഒരു കോണിൽനിന്നും പ്രതിഷേധമില്ല. ദിവസേനയുള്ള വിലവർധനയോട് ജനം പൊരുത്തപ്പെട്ടു എന്ന തിരിച്ചറിവിൽ സർക്കാറും എണ്ണക്കമ്പനികളും മൗനം പാലിക്കുകയാണ്.
മാസങ്ങളായി തുടരുന്ന ഇന്ധനവില വർധനക്കെതിരെ തുടക്കത്തിൽ ഉയർന്ന നാമമാത്ര പ്രതിഷേധംപോലും ഇപ്പോൾ തണുത്തിരിക്കുകയാണ്. ആരും ശ്രദ്ധിക്കാനില്ലാത്ത അവസ്ഥയിൽ പെട്രോൾ വില ലിറ്ററിന് 80 രൂപയിലേക്കും ഡീസലിന് സർവകാല റെക്കോഡായ 70ലേക്കും കുതിക്കുന്നു. ആരാദ്യം നികുതി കുറക്കുമെന്ന തർക്കത്തിെൻറ മറവിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാധാരണക്കാരെ കൈയൊഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കാൻ എണ്ണക്കമ്പനികൾക്ക് കൂട്ടുനിൽക്കുകയാണ്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.70 രൂപയും ഡീസലിന് 69.10 രൂപയുമാണ് വില. കൊച്ചിയിൽ യഥാക്രമം 75.37 രൂപയും 67.80 രൂപയുമായിരുന്നു. ലിറ്ററിന് 25 പൈസ വീതമാണ് തിങ്കളാഴ്ച കൂടിയത്. മാർച്ച് ഒന്നിനുശേഷം മാത്രം പെട്രോൾ ലിറ്ററിന് 1.27 രൂപയും ഡീസലിന് 1.51 രൂപയും കൂടി. മൂന്നുമാസത്തിനിടെ പെട്രോളിനും ഡീസലിനും യഥാക്രമം 2.93 രൂപയും 4.23 രൂപയും കൂടിയെങ്കിലും കാര്യമായ പ്രതിഷേധമുണ്ടായില്ല.
ന്യൂഡൽഹിയിൽ 72.79, 63.66, മുംബൈയിൽ 80.66, 67.79, കൊൽക്കത്തയിൽ 75.52, 66.35, ചെന്നൈയിൽ 75.49, 67.14 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് നഗരങ്ങളിൽ തിങ്കളാഴ്ച പെട്രോൾ, ഡീസൽ വില. എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒമ്പതുരൂപയോളം വർധിച്ചു. വില നിയന്ത്രിക്കാൻ പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ശക്തമായ ആവശ്യം ഉയർന്നെങ്കിലും കേന്ദ്രം ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.