ന്യൂഡല്‍ഹി: സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അടക്കം മൂന്നു പ്രമുഖര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്‍െറ (സെബി) ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ‘മത്സര’ത്തില്‍. അടുത്തവര്‍ഷം മാര്‍ച്ച് ഒന്നിന് ഇപ്പോഴത്തെ ചെയര്‍മാന്‍ യു.കെ. സിന്‍ഹയുടെ കാലാവധി അവസാനിക്കും. ഊര്‍ജ വകുപ്പ് സെക്രട്ടറി പി.കെ. പുജാരി, ധനമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി അജയ് ത്യാഗി എന്നിവരാണ് ദാസിനെ കൂടാതെ രംഗത്ത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടി സെപ്റ്റംബറില്‍ തുടങ്ങി.
നോട്ട് അസാധുവാക്കല്‍ അടക്കം കേന്ദ്രസര്‍ക്കാറിന്‍െറ സമീപകാല സാമ്പത്തികനയ തീരുമാനങ്ങളുടെ കേന്ദ്രബിന്ദുവാണ് ശക്തികാന്ത ദാസ്. ‘സെബി’ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനിയും റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗവുമായ ദാസ് തമിഴ്നാട് കേഡര്‍ ഐ.എ.എസ് ഓഫിസറാണ്. ഓഹരിവിപണി അടക്കമുള്ള മേഖലകളില്‍ വിദഗ്ധനായ ത്യാഗി ഹിമാചല്‍പ്രദേശ് ഐ.എസ്.എസ് ഉദ്യോഗസ്ഥനാണ്. ഗുജറാത്ത് കേഡറില്‍നിന്നുള്ള ഐ.എ.എസുകാരനായ പുജാരി കൃഷി, ധന വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്‍റ്സ് സെര്‍ച്ച് കമ്മിറ്റിയാണ് ‘സെബി’ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടിക തയാറാക്കുന്നതും ഇന്‍റര്‍വ്യൂ നടത്തുന്നതും. കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയര്‍മാനെ നിയമിക്കും.
25 വര്‍ഷം സാമ്പത്തിക മേഖലയില്‍ നേതൃപരമായ വൈദഗ്ധ്യം കാഴ്ചവെച്ചവരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. പ്രതിമാസം നാലര ലക്ഷം രൂപയാണ് ശമ്പളം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ ചെയര്‍മാന്‍ നിയമനത്തിന് നടപടി തുടങ്ങിയത്. 50 അപേക്ഷകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.