ചെന്നൈ: തമിഴ്നാട്ടിലെയും കേരളത്തിലെയും കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി നൽകുന്ന സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പദവി തൃഷക്ക് യുനിസെഫ് കേരള-തമിഴ്നാട് മേധാവി ജോബ് സഖറിയ സമ്മാനിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള ആഗോള ദിനത്തിൽ നടത്തിയ പ്രത്യേകചടങ്ങിലായിരുന്നു പദവിസമർപ്പണം.
യുനിസെഫിെൻറ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ വനിതാസിനിമാ താരമാണ് തൃഷ. അനീമിയ, ശൈശവവിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികൾ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് തൃഷ പിന്തുണനൽകുക. കേരളത്തിലെയും തമിഴ്നാട്ടിലെയും കുട്ടികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാവും മുഖ്യ പരിഗണന. കൗമാരക്കാരുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, പെൺകുട്ടിയുടെ പ്രാധാന്യം എന്നീ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ടാണ് തൃഷയുടെ പ്രവർത്തനം.
സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് തൃഷ പറഞ്ഞു. തമിഴ്നാടിനെ പോഷകാഹാരക്കുറവ്, വെളിയിടവിസർജനം എന്നിവയിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്നും തൃഷ വ്യക്തമാക്കി. കേരളത്തിൽ മീസിൽസ്- റുബെല്ല പ്രതിരോധദൗത്യത്തിെൻറ ബോധവത്കരണത്തിന് പിന്തുണ നൽകിയ ഇവർ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി 60 ൽപരം സിനിമകളിൽ അഭിനയിച്ചു. തൃഷയുടെ ആദ്യ മലയാളസിനിമയായ ‘ഹേയ് ജൂഡ്’ അടുത്തുതന്നെ റിലീസ് ചെയ്യും. ചടങ്ങിൽ, തമിഴ്നാട് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷൻ അധ്യക്ഷ എം.പി. നിർമല, യുനിസെഫ് കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് സുഗത റോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.