അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്

ന്യൂഡൽഹി: അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. ജി20 യോഗത്തിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദേശം ബ്രസീൽ അവതരിപ്പിക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച് സർവേ നടത്തിയത്. ജി20 രാജ്യങ്ങളിലെ സർവേ നടത്തിയവരിൽ 68 ശതമാനം ആളുകളും ഇന്ത്യയിൽ 74 ശതമാനം പേരും അധിക നികുതിയെ പിന്തുണച്ചുവെന്ന് സർവേ പറയുന്നു. ആഗോളതലത്തിലുള്ള പട്ടിണി, അസമത്വം, കാലാവസ്ഥ വ്യതിയാനം എന്നിവ തടയുന്നതിന് അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തണമെന്നാണ് ജി20 രാജ്യങ്ങളുടെ സമ്മേളനത്തിൽ ബ്രസീൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഉള്ളടക്കം.

എർത്ത്4ആൾ ഇനിഷേറ്റീവ് ആൻഡ് ഗ്ലോബൽ കോമൺസ് അലയൻസാണ് 22,000 പേർക്കിടയിൽ സർവേ നടത്തിയത്. ഇതിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ വലിയ സമ്പദ്‍വ്യവസ്ഥകളിലായിരുന്നു സർവേ. സർവേപ്രകാരം 74 ശതമാനം ഇന്ത്യക്കാർ സാർവദേശീയമായി അടിസ്ഥാന വരുമാനമെന്ന ആശയത്തെ പിന്തുണക്കുന്നുണ്ട്. 76 ശതമാനം ആളുകൾ കൂടുതൽ വർക്ക് -ലൈഫ് ബാലൻസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇതിന് പു​റമേ 68 ശതമാനം ആളുകളും സമ്പദ്‍വ്യവസ്ഥയിലെ വൈദ്യുതി ഉൽപാദനം, ഗതാഗതം, കെട്ടിടനിർമാണം, വ്യവസായം, ഭക്ഷണം എന്നിവയിൽ വൻ മാറ്റങ്ങൾ വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞനായ ഗ​ബ്രിയേൽ സുച്മാനാണ് അതിസമ്പന്നർക്ക് അധിക നികുതിയെന്ന ആശയത്തിന് പിന്നിൽ.

നികുതിയിൽ നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അദ്ദേഹം ഇത്തരമൊരു ആശയം മുന്നോട്ട്വെച്ചത്. അതിസമ്പന്നർക്ക് ആഗോളതലത്തിൽ മിനിമം നികുതി ഏർപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. സാധാരണ ജനങ്ങളേക്കാൾ കുറഞ്ഞ നികുതിയാണ് അതിസമ്പന്നർ നൽകുന്നതെന്നാണ് സുച്മാന്റെ പക്ഷം. അതിനാൽ അതിസമ്പന്നർ വരുമാനത്തിന്റെ രണ്ട് ശതമാനം പ്രതിവർഷം അധിക നികുതിയായി നൽകണമെന്നാണ് സുച്മാൻ പറയുന്നത്.

Tags:    
News Summary - 74 pc Indians support wealth tax on super rich, climate reforms: Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.