ബംഗളൂരു: ധനകാര്യസ്ഥിതി പരിശോധിച്ച് മാത്രം സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിച്ചാൽ മതിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത് നൽകേണ്ടതെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാറുകൾ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
ചില സംസ്ഥാനങ്ങളോ സർക്കാറുകളോ ജനങ്ങൾക്ക് ചിലത് സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് ചിലപ്പോൾ വൈദ്യുതിയാവാം മറ്റെന്തെങ്കിലുമാവാം. അത് ചെയ്യരുതെന്ന് ഞാൻ പറയുന്നില്ല. എന്നാൽ, അതിന് മുമ്പ് നിങ്ങളുടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി വിലയിരുത്തണം. നിങ്ങൾ ജനങ്ങൾക്ക് മുമ്പാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച് അധികാരത്തിലെത്തി. ആ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഇടം നിങ്ങളുടെ ബജറ്റിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർമ്മല സീതാരാമാൻ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി സൗജന്യങ്ങൾ നൽകുന്നതിനെ കുറിച്ചും അത് സമ്പദ്‍വ്യ്വസ്ഥയിൽ വരുത്തുന്ന സ്വാധീനത്തെ കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ചർച്ചകൾ നടക്കണം. അല്ലാതെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങളെ വഴിതിരിച്ച് വിടരുതെന്നും നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു.
എല്ലാവിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസവും ആരോഗ്യസേവനവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം. കുറഞ്ഞ ചെലവിൽ ആരോഗ്യരക്ഷയെന്നത് പാവപ്പെട്ടവരുടെ അവകാശമാണ്. സ്വാതന്ത്ര്യാനന്തരം മുതൽ വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങൾക്ക് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജി.ഡി.പിയുടെ ആറ് ശതമാനം നീക്കിവെച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.