കുവൈത്ത് സിറ്റി: കുവൈത്ത് ദീനാർ കരുത്താർജിക്കുകയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വർധന. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ രേഖപ്പെടുത്തുന്നുണ്ട്. യു.എസ് ഡോളറുമായുള്ള വിനിമയത്തിൽ ദീനാറിന്റെ മൂല്യം ഉയർന്നത് കുവൈത്ത് ദീനാറിന്റെ കരുത്തുകൂട്ടിയിട്ടുണ്ട്. യു.എസിലെ നാണയപ്പെരുപ്പമാണ് ഡോളറിന് മേൽ ദീനാറിന്റെ മൂല്യം കൂട്ടിയത്.
ഡോളറിനുമേൽ ദീനാർ മൂല്യം കൂടിയതും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ടി ആനുകൂല്യം ലഭിച്ചു. ദീനാർ രൂപയിലേക്ക് കൈമാറുന്നത് ഡോളറിൽ ആയതിനാൽ പണമിടപാട് സ്ഥാപനങ്ങൾക്കും ഉണർവ് വന്നിട്ടുണ്ട്.
ഒരു കുവൈത്ത് ദീനാറിന് ശരാശരി 268 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് നിലവിൽ 269ന് മുകളിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ 270 നുമുകളിൽ എത്തി. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.
യു.എസിൽ നാണയപ്പെരുപ്പം ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ദിവസങ്ങൾ തുടരുമെന്നാണ് സൂചന. ഇത് വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുകയും കുവൈത്ത് ദീനാറിന്റെ കരുത്ത് വർധിപ്പിക്കുകയും ചെയ്യും. ഇതോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന പ്രവണതയും തുടർന്നാൽ രൂപയുമായുള്ള ദീനാറിന്റെ വിനിമയ നിരക്ക് ഉയർന്ന നിലയിൽ തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യൻ രൂപക്ക് തിരിച്ചടിയാണ്. ഇതിനാൽ അടുത്ത ദിവസങ്ങളിലും കുവൈത്ത് ദീനാറിന് ഉയർന്ന മൂല്യം തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്കുന്ന സൂചന.
മികച്ച വിനിമയമൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ പണമിടപാട് എക്സ്േചഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി. ഒരു ദീനാറിന് രണ്ടു രൂപയോളം മാറ്റം വന്നതോടെ കൂടുതൽ പണം അയക്കുന്നത് ഈ സമയം അധികതുക ലഭിക്കും.
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിവ് രൂപയുമായുള്ള ജി.സി.സി രാജ്യങ്ങളിലെ കറൻസികളുടെ വിനിമയ നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.